കോഴിക്കോട്: വടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തിൽ പ്രക്ഷോഭം ശക്തമാക്കി യുഡിഎഫ്. പൊലീസ് സിപിഎമ്മുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. മൊഴിയെടുത്ത ശേഷം വിട്ടയച്ച സിപിഎം അനുകൂല സാമൂഹിക മാധ്യമങ്ങളിലെ അഡ്‌മിന്‍മാരുടെ വിവരങ്ങള്‍ പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണെന്നാണ് പ്രധാന ആരോപണം. മാത്രമല്ല ചോദ്യം ചെയ്‌തവരുടെ മേല്‍വിലാസം രേഖപ്പെടുത്താതെയാണ് ഹൈക്കോടതിയിൽ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്‌തവരുടെ പേര് സഹിതമാണ് വടകര എസ്എച്ചഒ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചത്. വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ സ്ക്രീന്‍ ഷോട്ട് പോസ്‌റ്റ് ചെയ്‌ത സമയമുള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ട്. ഇവരുടെ പേരും പിതാവിന്‍റെ പേരും സഹിതമാണ് റിപ്പോര്‍ട്ട്. പക്ഷേ മേല്‍വിലാസം രേഖപ്പെടുത്തിയിട്ടില്ലെന്ന് യുഡിഎഫ് കൂട്ടിച്ചേർത്തു.
പോസ്‌റ്റ് ആദ്യം റെഡ് എന്‍ കൗണ്ടര്‍ എന്ന ഗ്രൂപ്പില്‍ പോസ്‌റ്റ് ചെയ്‌ത റിബേഷ് രാമകൃഷ്‌ണനെ കുറിച്ചുള്ള വിവരം മാത്രമാണ് ഇതുവരെ പുറത്ത് വന്നത്. റെഡ് ബറ്റാലിയിന്‍ ഗ്രൂപ്പില്‍ പോസ്‌റ്റിട്ട അമല്‍റാം, അമ്പാടിമുക്ക് ഫേസ്ബുക്ക് പേജിന്‍റെ അഡ്‌മിന്‍ മനീഷ്, പോരാളി ഷാജി ഫേസ്ബുക്ക് പേജിന്‍റെ അഡ്‌മിന്‍ വഹാബ് എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.