കൊല്ലം: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വയനാട്ടിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വയനാട് കലക്‌ടറേറ്റിൽ ദുരന്തമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉന്നത തലയോഗം ചേരും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് എത്രയും പെട്ടെന്ന് വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
അക്കാര്യത്തിൽ സംസ്ഥാന സ്ട്രീം എന്നോ സിബിഎസ്ഇ എന്നോ വ്യത്യാസമുണ്ടാകില്ല. എല്ലാവരും നമ്മുടെ കുട്ടികളാണെന്നും മന്ത്രി പറഞ്ഞു. ദുരന്തം വിദ്യാഭ്യാസ മേഖലയെ എങ്ങനെ ബാധിച്ചു എന്നത് സംബന്ധിച്ച സമഗ്ര റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു.
നാളെ (ഓഗസ്‌റ്റ് 7) ചേരുന്ന യോഗത്തിലെ റിപ്പോർട്ടിനെ മുൻനിർത്തി കർമ്മ പരിപാടി തയ്യാറാക്കി ദുരന്തബാധിത മേഖലയിൽ എത്രയും പെട്ടെന്ന് വിദ്യാഭ്യാസ കാര്യങ്ങൾ സാധാരണഗതിയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.