തിരുവനന്തപുരം:എസ്‌എസ്‌എല്‍സി അരക്കൊല്ല പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്നു. സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ ഡിജിപിക്ക് പരാതി നല്‍കി. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.
കര്‍ശന നടപടികളുമായി മുന്നോട്ടു പോകാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തില്‍ ആറംഗ സമിതി പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവം അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. അഡീഷണല്‍ സെക്രട്ടറി, വിജിലന്‍സ് ഓഫിസര്‍, പരീക്ഷ ഭവന്‍ ജോയിന്‍റ് ഡയറക്‌ടര്‍ എന്നിവരടക്കമുള്ള സമിതിയാണ് അന്വേഷിക്കുക. പൊലീസും ക്രൈം ബ്രാഞ്ചും സംഭവം അന്വേഷിക്കും.
സബ്‌ജക്റ്റ് മിനിമം വിഷയം ചര്‍ച്ച ചെയ്യാന്‍ കൂടിയ ഉന്നതതല യോഗത്തില്‍ പരീക്ഷ നടത്തിപ്പിനെ കുറിച്ച് എസ്‌സിഇആര്‍ടിസി വ്യക്തമായ മാര്‍ഗരേഖ അവതരിപ്പിച്ചിരുന്നു. ഇതില്‍ അധ്യാപക സംഘടനകളുമായി ഒരു വട്ടം ചര്‍ച്ച നടത്തി. ടേം പരീക്ഷ ചോദ്യ പേപ്പര്‍ നേരത്തെ തയ്യാറാക്കിയത് സ്‌കൂളുകളിലായിരുന്നു. പിന്നീട് അധ്യാപക സംഘടനകള്‍ ജില്ലാ തലത്തില്‍ തയ്യാറാക്കി തുടങ്ങി. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് 2012 മുതലാണ് കേന്ദ്രീകൃത സ്വഭാവത്തോടെ ചോദ്യപേപ്പര്‍ തയാറാക്കി തുടങ്ങിയത് എന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.
എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ചോദ്യ പേപ്പര്‍ തയ്യാറാക്കുന്ന അതേരീതി തന്നെയാണ് പിന്തുടരുന്നത്. എസ്‌എസ്‌എല്‍സി പരീക്ഷയ്‌ക്ക് കുറച്ച് കൂടി രഹസ്യ സ്വഭാവം പിന്തുടരുന്നു. ഒന്നു മുതല്‍ ഏഴ് വരെയുളള ചോദ്യപേപ്പര്‍ എസ്എസ്കെ ക്യാമ്പ് നടത്തി രണ്ട് സെറ്റ് തയ്യാറാക്കും. അതില്‍ നിന്ന് ഒരു സെറ്റ് ചോദ്യ പേപ്പര്‍ പ്രിന്‍റ് ചെയുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.