തിരുവനന്തപുരം:ഏഷ്യയിലെ ഏറ്റവും വലിയ കൗമാര മേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരം ഒരുങ്ങുമ്പോള്‍ കാലത്തിനനുസരിച്ച് കലോത്സവത്തിന്‍റെ പ്രചാരണത്തിനും പുത്തന്‍ രീതികള്‍ പരീക്ഷിക്കുകയാണ് സംഘാടകര്‍.63 ആമത് കേരള സ്‌കൂൾ കലോത്സവം കളറാക്കാൻ 1000 റീലുകളാണ് സംഘാടക സമിതി ആസൂത്രണം ചെയ്‌തിരിക്കുന്നത്.
റീലുകളില്‍ മല്‍സരം
കലോത്സവം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടാണ് മത്സരാടിസ്ഥാനത്തില്‍ റീലുകള്‍ തയാറാക്കുന്നത്. ചുരുക്കത്തില്‍ ഇത്തവണ കലോത്സവത്തിന് മുമ്പ് തന്നെ മത്സരം തുടങ്ങുകയായി. 30 സെക്കന്‍റ് ദൈർഘ്യമുള്ള റീലുകളാണ് സ്‌കൂളുകള്‍ തയ്യാറാക്കേണ്ടത്. സാമൂഹിക സാംസ്‌കാരിക തനിമ ഉൾക്കൊള്ളുന്ന റീലുകളാകണം തയ്യാറാക്കേണ്ടതെന്ന് സംഘാടക സമിതിക്ക് വേണ്ടി മന്ത്രി ജിആര്‍ അനില്‍ വ്യക്തമാക്കി. റീലുകൾക്ക് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന പ്രതികരണങ്ങൾ വിലയിരുത്തി മികച്ച സ്‌കൂളുകൾക്ക് സമ്മാനം നൽകാനാണ് പരിപാടി. മത്സരത്തിന്‍റെ ഭാഗമായി ഇന്ന് (ഡിസംബർ 18) നാല് റീലുകൾ റിലീസ് ചെയ്‌തു.
അപ്പീൽ കമ്മിറ്റിയിൽ മറ്റ് ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്‌ടറും
കലോത്സവത്തിന്‍റെ ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം 1000 രൂപ സഹിതം കുട്ടികളുടെ പരാതികൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർക്കോ സ്‌കൂൾ പ്രിൻസിപ്പാളിനോ, ഹെഡ്‌മാസ്‌റ്റർക്കോ നൽകാവുന്നതാണ്. അപ്പീൽ തീർപ്പ് അനുകൂലമായാൽ അപ്പീൽ ഫീസ് മുഴുവൻ തിരിച്ചു നൽകും.
ഉപജില്ലാതല മത്സരത്തിലെ വിധി നിർണയത്തിലെ പരാതികൾ ഉണ്ടെങ്കിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ അധ്യക്ഷനായി വിഎച്ച്എസ്ഇ അസിസ്‌റ്റന്‍റ് ഡയറക്‌ടർ, എച്ച്എസ്ഇ റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടർ എന്നിവരോ അവർ ഓരോരുത്തരും ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ ഉൾപ്പെട്ട വിദഗ്‌ധരടങ്ങുന്ന അഞ്ച് പേരുടെ സമിതി ഉണ്ടായിരിക്കും. മത്സരഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം മത്സരാർഥിക്കോ ടീം മാനേജർക്കോ 2000 രൂപ ഫീസ് സഹിതം പരാതികൾ നിശ്ചിത മാതൃകയിൽ തയാറാക്കി ബന്ധപ്പെട്ട ജനറൽ കൺവീനർക്ക് നൽകാം.
റവന്യൂ ജില്ലാ കലോത്സവ മത്സരങ്ങളുടെ വിധി നിർണയത്തിനെതിരെ പരാതികൾ ഉണ്ടെങ്കിൽ അവ തീർപ്പ് കൽപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിലെ ജോയിന്‍റ് ഡയറക്‌ടർ അല്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ, മറ്റ് ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്‌ടറും അതത് മേഖലയിലെ ഹയർ സെക്കന്‍ററി ആർഡിഡി, വിഎച്ച്എസ്ഇ അസിസ്‌റ്റന്‍റ് ഡയറക്‌ടർ ഉൾപ്പെടെയുള്ളവരെ അംഗങ്ങളായി ചേർത്ത് അപ്പീൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.