തിരുവനന്തപുരം : ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരന്‍റെ പ്രചാരണ ജാഥയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ചു കടന്ന് ഭീഷണിപ്പെടുത്തിയതായി ബിജെപി പ്രവർത്തകരുടെ പരാതി. ആറ്റിങ്ങൽ പകൽക്കുറിയിലാണ് സംഭവം. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ പകൽക്കുറിയിലേക്ക് എത്തിയപ്പോഴാണ് മൂന്നംഗ സംഘം ബൈക്കിൽ ജാഥയിലേക്ക് കടന്നുകയറിയതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി.
സംഘം മുരളീധരനെതിരെ ഭീഷണിയും അസഭ്യ വര്‍ഷവും മുഴക്കുകയായിരുന്നുവെന്ന് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും ആരോപിച്ചു. ഒരു ബൈക്കിലെത്തിയ മൂന്ന് പേരുടെ ദൃശ്യങ്ങൾ ബിജെപി പ്രവര്‍ത്തകര്‍ പകര്‍ത്തിയത് പുറത്തുവിട്ടിട്ടു. ഇത് പിന്നീട് പള്ളിച്ചൽ പൊലീസിന് കൈമാറിയിട്ടുണ്ട്. ഭീഷണി മുഴക്കിയത് സിപിഎം പ്രവര്‍ത്തകരാണെന്നും ബിജെപി ആരോപിച്ചു. ബിജെപി - എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം അലങ്കോലപ്പെടുത്താൻ സാമൂഹ്യവിരുദ്ധർ നടത്തിയ ശ്രമം അപലപനീയമെന്ന് സംഭവശേഷം മുരളീധരൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.