തിരുവനന്തപുരം : വര്‍ഗീയത ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ഗൂഡാലോചനയാണ് തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ട് മന്ത്രിമാര്‍ ക്യാമ്പ് ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടായതെന്നും ഒരു കാലത്തും ഇല്ലാത്ത പ്രശ്‌നങ്ങള്‍ മനഃപൂര്‍വമായി ഉണ്ടാക്കിയെന്നും പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ വി ഡി സതീശൻ ആരോപിച്ചു.
ഇതേക്കുറിച്ച് അന്വേഷണം നടക്കണം. കമ്മീഷണറാണോ സര്‍വപ്രതാപിയെന്നും മുഖ്യമന്ത്രി എന്ന് പറയുന്ന ആള്‍ക്ക് എന്താണ് ജോലിയെന്നും സതീശൻ ചോദിച്ചു. രണ്ട് മന്ത്രിമാരും ഇന്‍റലിജന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചും സ്ഥലത്തുണ്ടായിരുന്നിട്ടും രാത്രി പത്തര മണി മുതല്‍ ബഹളമായിരുന്നു. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി എപ്പോഴും ഉറക്കമാണോയെന്നും ആരും ഒന്നും പറഞ്ഞില്ലേയെന്നും സതീശൻ ചോദിച്ചു.
ക്രമസമാധന ചുമതലയുള്ള എഡിജിപിയും സ്ഥലത്തുണ്ടായിരുന്നല്ലോ? നേരം പുലരുന്നതു വരെ കമ്മിഷണര്‍ക്ക് അഴിഞ്ഞാടാന്‍ വിട്ടുകൊടുക്കുന്ന ആഭ്യന്തര വകുപ്പാണോ ഇവിടെയുള്ളതെന്നും അങ്ങനെയെങ്കില്‍ ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി ഇരിക്കരുതെന്നും സതീശൻ പറഞ്ഞു. പൂരത്തിനിടെ അവിശ്വസനീയമായ കാര്യങ്ങളാണ് നടന്നത്. തൃശൂര്‍ പൂരത്തെ വര്‍ഗീയവത്ക്കരിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോള്‍ അവര്‍ക്ക് വളം വച്ചുകൊടുക്കരുതെന്നും മതേതര ഉത്സവമാണ് തൃശൂര്‍ പൂരമെന്നും പകല്‍ വെളിച്ചത്തിലാണ് വര്‍ണാഭമായ വെടിക്കെട്ട് നടന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.