ഇടുക്കി: ഉപ്പുതറ ഗ്രാമപഞ്ചായത്ത് (Upputhara grama panchayat) ഓഫിസിൽ ഉദ്യോഗസ്ഥരുടെ മദ്യപാനമെന്ന് പരാതി. രാത്രി വൈകി പഞ്ചായത്ത് ഓഫിസ് തുറന്നു കിടക്കുന്നതും, കോമ്പൗണ്ടിൽ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്‌തിരിക്കുന്നതും കണ്ട് സംഭവം തിരക്കാനെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ ചേർന്ന് മദ്യപിക്കുന്നത് കണ്ടതെന്ന് പ്രദേശവാസികൾ പറയുന്നു. ഇത് ചോദ്യം ചെയ്‌തതോടെ ജീവനക്കാർ ധിക്കാരപരമായി സംസാരിച്ചു എന്നും പരാതിയുണ്ട്.
'ഉപ്പുതറ പഞ്ചായത്ത് ഓഫിസിൽ ഉദ്യോഗസ്ഥരുടെ മദ്യപാനം'; ആരോപണവുമായി നാട്ടുകാർ - Upputhara grama panchayat
Upputhara grama panchayat office staff drunk issue: ഉപ്പുതറ ഗ്രാമപഞ്ചായത്ത് ഓഫിസിൽ രാത്രി കാലങ്ങളിൽ ഉദ്യോഗസ്ഥർ മദ്യപിക്കുന്നുവെന്നും ചോദ്യം ചെയ്‌ത നാട്ടുകാരോട് ധിക്കാരപരമായി സംസാരിച്ചുവെന്നും പ്രദേശവാസികളുടെ ആരോപണം.
Published : Jan 20, 2024, 8:00 PM IST
രാത്രിയിൽ പൊലീസ് എത്തിയാണ് പഞ്ചായത്ത് ഓഫിസ് അടച്ച് ഉദ്യോഗസ്ഥരോട് പോകാൻ ആവശ്യപ്പെട്ടത്. സർക്കാർ മൃഗാശുപത്രി ജീവനക്കാർ ഉൾപ്പെടെ ഇവിടെ ഉണ്ടായിരുന്നുവെന്നും പൊലീസ് എത്തുന്നതിന് മുന്നേ ചിലർ ഓഫിസിന്‍റെ പിൻവശത്ത് കൂടി രക്ഷപ്പെട്ടു എന്നും നാട്ടുകാർ പറയുന്നു. നിലവിൽ വിഷയത്തിൽ പൊലീസ് നടപടികൾ സ്വീകരിച്ചിട്ടില്ല.
അതേസമയം, പഞ്ചായത്ത് ഉദ്യോഗസ്ഥരും വെറ്ററിനറി ഉദ്യോഗസ്ഥരുമെല്ലാം നവകേരള സദസുമായി ബന്ധപ്പെട്ട ജോലികൾ ചെയ്‌ത് തീർക്കുന്നതിന്‍റെ ഭാഗമായാണ് പഞ്ചായത്ത് ഓഫിസിൽ രാത്രിയിൽ ഉണ്ടായിരുന്നത് എന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് നൽകുന്ന വിശദീകരണം.