തിരുവനന്തപുരം: കഴിഞ്ഞ ദിവസം വനം വകുപ്പ് ഔദ്യോഗികമായി പുറത്തു വിട്ട കണക്കു പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആനകളെ കണ്ടെത്തിയത് ആനമുടി ആന സങ്കേതത്തിലാണ്-ആനമുടി എലിഫന്‍റ് റിസര്‍വ് അഥവാ ആനമുടി ഇ ആര്‍. 4160 ആനകളെയാണ് ഈ സങ്കേതത്തില്‍ കണ്ടെത്തിയത്. കേരളത്തില്‍ വയനാട്, നിലമ്പൂര്‍, ആനമുടി, പെരിയാര്‍ എന്നീ നാല് ആന സങ്കേതങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്നത് 2002 ലാണ്.
ആനമുടി ആന സങ്കേത്തിന്‍റെ സ്ഥാനം
പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലെ വനമേഖലകളിലായാണ് ആനമുടി ആനസങ്കേതം വ്യാപിച്ചു കിടക്കുന്നത്. പാലക്കാട് ചുരത്തിന്‍റെ തെക്കുവശത്തും കോട്ടയം-കുമിളി റോഡിന്‍റെ വടക്കു വശത്തുമായാണ് ആനമുടി സങ്കേതത്തിന്‍റെ സ്ഥാനം. ഇതിന്‍റെ തെക്കു വശം തമിഴ്‌നാട്ടിലെ ആനമല ആന സങ്കേതത്തോടും ചേര്‍ന്നു കിടക്കുന്നു.
ഈ സങ്കേതത്തിന്‍റെ ഭൂരിഭാഗവും ഹൈറേഞ്ചുകള്‍, നെല്ലിയാമ്പതി മലനിരകള്‍, ആനമല മല നിരകളുടെ കേരളത്തിന്‍റെ ഭാഗവും, പാലക്കാട്, ഇടുക്കി ജില്ലകളുടെ മഴനിഴല്‍ പ്രദേശങ്ങളും ചേര്‍ന്നതാണ്. അതു കൊണ്ടു തന്നെ കനത്ത മഴയും ചാറ്റല്‍ മഴയും ഈ സങ്കേതത്തില്‍ മാറി മാറി ലഭിക്കുന്നതു മൂലമുള്ള സസ്യ-ജന്തു ജാല വൈവിദ്ധ്യ സമ്പുഷ്‌ടമാണ്.