എറണാകുളം: അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന അർപ്പണത്തിൽ വൈദികർക്ക് അന്ത്യശാസനവുമായി സിറോ മലബാർ സഭ. ജൂലൈ മൂന്ന് മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്ത് പോയതായി കണക്കാകുമെന്ന് ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, അതിരൂപത അപ്പസ്‌തോലിക്ക് അഡ്‌മിനിസ്ട്രേറ്റർ ബോസ്‌ക്കോ പുത്തൂർ എന്നിവർ ഇറക്കിയ സർക്കുലറിലൂടെ വ്യക്തമാക്കി. ഈ സർക്കുലർ അടുത്ത ഞായറാഴ്‌ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണമെന്നും നിർദേശമുണ്ട്. അതേസമയം അന്ത്യശാസനം തള്ളുന്നതായി അതിരൂപത അല്‌മായ മുന്നേറ്റവും അറിയിച്ചു.
ഏകീകൃത കുർബാന അർപ്പണരീതി സീറോ മലബാർ സഭയിൽ മുഴുവനായും നടപ്പിലാക്കണമെന്ന സഭയുടെ തീരുമാനത്തിന് യാതൊരു മാറ്റവുമില്ല. ഈ അന്തിമ നിർദേശം അനുസരിക്കാതെ ജൂലൈ മൂന്നിന് ശേഷവും ഏകീകൃത രീതിയിൽ നിന്ന് വ്യത്യസ്‌തമായി കുർബാന അർപ്പിക്കുന്ന വൈദികർക്ക് ജൂലൈ നാലാം തീയതി മുതൽ കത്തോലിക്ക സഭയിൽ പൗരോഹിത്യശുശ്രൂഷ നിർവഹിക്കുന്നതിൽ നിന്ന് ഇനിയൊരു മുന്നറിയിപ്പില്ലാതെ വിലക്കേർപ്പെടുത്തും. ഈ തീരുമാനം സീറോ മലബാർ സഭയുടെ കുർബാന അർപ്പിക്കുന്ന എല്ലാ വൈദികർക്കും ബാധകമായിരിക്കും.
അതിരൂപതയ്ക്ക് പുറത്തു സേവനം ചെയ്യുകയോ ഉപരിപഠനം നടത്തുകയോ ചെയ്യുന്ന അതിരൂപതാ വൈദികർ ഏകീകൃത രീതിയിലുള്ള കുർബാന അർപ്പണവുമായി ബന്ധപ്പെട്ട സിനഡു തീരുമാനത്തോടുള്ള അനുസരണവും സന്നദ്ധതയും വ്യക്തമാക്കുന്ന രേഖാമൂലമുള്ള സത്യവാങ്‌മൂലം ജൂലൈ മൂന്നാം തീയതിക്ക് മുമ്പായി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്‌മിനിസ്ട്രേറ്റർക്കു നൽകണം. പ്രസ്‌തുത സത്യവാങ് മൂലം നിശ്ചിത സമയത്തിനുള്ളിൽ നല്‍കാത്തവർക്കും കത്തോലിക്ക സഭയിൽ പൗരോഹിത്യശുശ്രൂഷ നിർവഹിക്കുന്നതിൽ നിന്ന് ഇനിയൊരു മുന്നറിയിപ്പില്ലാതെ വിലക്കേർപ്പെടുത്തുന്നതാണ്.