എറണാകുളം:തൃക്കാക്കര എംഎൽഎ ഉമാ തോമസിന് കലൂര്‍ ജവഹർലാൽ നെഹ്‌റു അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിലെ ഗാലറിക്ക് മുകളിൽ നിന്ന് വീണ് ഗുരുതര പരിക്ക്. ഒരു നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അപകടം നടന്നത്. ആരോഗ്യനില വഷളായതിനെത്തുടർന്ന് എംഎൽഎയെ നിലവില്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ 12,000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്ത സന്ധ്യയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എംഎല്‍എ. ഇതിനിടെയാണ് അപകടമുണ്ടായത്.
വീഴ്‌ചയുടെ ആഘാതത്തില്‍ ഉമാ തോമസിന്‍റെ തലച്ചോറിന് പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വാരിയെല്ല് കുത്തിക്കയറി ശ്വാസ കോശത്തിനും പരിക്കുണ്ട്. നട്ടെല്ലിനും മുഖത്തെ എല്ലുകള്‍ക്കും ചെറിയ പരിക്കുള്ളതായും ഡോക്‌ടര്‍മാര്‍ അറിയിച്ചു. നിലവില്‍ അടിയന്തര ശസ്‌ത്രക്രിയ ആവശ്യമില്ല. 24 മണിക്കൂര്‍ കഴിയാതെ ആരോഗ്യ നില കൃത്യമായി പറയാനാവില്ലെന്നും ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വിഐപി ഗാലറിയിൽ മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവരോട് സംസാരിച്ച് നില്‍ക്കുന്നതിനിടെ എംഎൽഎ കാല്‍ വഴുതി വീഴുകയായിരുന്നു. ഒരു നില കെട്ടിടത്തിന്‍റെ ഉയരത്തിൽ നിന്ന് പത്തടിയോളം താഴ്‌ചയിലേക്കാണ് എംഎൽഎ പതിച്ചത്. കോണ്‍ക്രീറ്റില്‍ തലയിടിച്ചാണ് വീണത്.
തലയിടിച്ച് വീണതിനാൽ നിയന്ത്രണാതീതമായി രക്തസ്രാവം ഉണ്ടായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ എംഎല്‍എയ്ക്ക് ബോധമുണ്ടായിരുന്നതായി ഡോക്‌ടര്‍മാരും പറഞ്ഞു. ആംബുലന്‍സില്‍ പ്രാഥമിക ചികിത്സകള്‍ നല്‍കിയെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.
പരിപാടി ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് എംഎൽഎ വേദിയിലേക്ക് എത്തിയത്. മന്ത്രി സജി ചെറിയാനെ കണ്ടപ്പോള്‍ സംസാരിക്കാനായി അടുത്ത് ചെന്നപ്പോഴാണ് ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ തട്ടി താഴേക്ക് മറിഞ്ഞ് വീണത്. ഉടൻ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലൻസിൽ കയറ്റി എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Also Read:'എന്നെക്കുറിച്ച് പറഞ്ഞതിൽ വാസ്‌തവമില്ല, അവജ്ഞയോടെ തള്ളിക്കളയുന്നു'; നന്ദകുമാറിന്‍റെ ആരോപണത്തില്‍ ഉമ തോമസ് -