ഇടുക്കി :ഇടുക്കി ഉടുമ്പഞ്ചോല ഗവൺമെന്‍റ് സ്‌കൂളിലെ യുപി ക്ലാസുകളിലെ കുട്ടികൾ പഠിക്കുന്നത് ഫീസ് നൽകി. എൽപിയ്ക്കും ഹൈസ്‌കൂളിനും അംഗീകാരം ഉണ്ടെങ്കിലും യുപി വിഭാഗം അൺ ഐയ്‌ഡഡായാണ് പ്രവർത്തിയ്ക്കുന്നത്. ഇത്തവണയെങ്കിലും അംഗീകാരം ലഭിയ്ക്കുമെന്നായിരുന്നു വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രതീക്ഷ.
എല്ലാ വിഷയങ്ങൾക്കുമായി ആകെ ഉള്ളത് രണ്ട് അധ്യാപകരാണ്. ഒരുമിച്ചിരുന്നാണ് അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികളുടെ പഠനം. ഒരു ക്ലാസിലെ കുട്ടികൾക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ മറ്റ് ക്ലാസുകാർ വെറുതെ ഇരിയ്ക്കണം. സൗജന്യ പുസ്‌തകങ്ങൾ, ഉച്ച ഭക്ഷണം, യൂണിഫോം തുടങ്ങിയവയൊന്നും ഈ കുട്ടികൾക്ക് ലഭിയ്ക്കില്ല.
തോട്ടം മേഖലയിലെ നിർധന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഉടുമ്പഞ്ചോചോല സ്‌കൂളിലെ വിദ്യാർഥികൾ. ഹൈസ്‌കൂളിനും എൽപിയ്ക്കും അംഗീകാരം ഉണ്ടെങ്കിലും യുപി അൺ ഐയ്‌ഡഡായതിനാൽ പിടിഎയുടെ നേതൃത്വത്തിലാണ് പ്രവർത്തിയ്ക്കുന്നത്. യുപി വിഭാഗത്തിന്‍റെ പ്രവർത്തനത്തിനായി ഓരോ വിദ്യാർഥിയും മാസം 300 രൂപ വീതം ഫീസ് നൽകണം.