തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ യുഡിഎഫ് തരംഗം അലയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫ് 20 ല്‍ 20 നേടും. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിക്കും കേരളം ഭരിക്കുന്ന പിണറായി വിജയനുമെതിരെ ശക്തമായ ജനവികാരമാണ് സംസ്ഥാനത്തുള്ളതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.
മോദിയുടെ ഗാരന്‍റിക്ക് പഴയ ചാക്കിന്‍റെ വിലപോലുമില്ല. 37 ദിവസം സംസ്ഥാനത്ത് എല്‍ഡിഎഫിനു വേണ്ടി പ്രചാരണം നടത്തിയ മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ ആക്രമിക്കാനും പൗരത്വ നിയമത്തെ കുറിച്ചു പറയാനുമാണ് ശ്രമിച്ചത്. എന്നാല്‍ പൗരത്വ നിയമത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ വാദങ്ങളെല്ലാം പൊളിഞ്ഞെന്നും സതീശന്‍ വ്യക്‌തമാക്കി.
പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിനാകില്ല. അതിനാല്‍ ഇത് നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം കാപട്യമാണ്. നിയമം ഇല്ലാതാക്കുകയാണ് വേണ്ടത്. അതാണ് കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്നത്. കോണ്‍ഗ്രസ് 100 സീറ്റ് തികയ്ക്കില്ലെന്നും ഗുജറാത്ത് ബിജെപി തൂത്തുവാരുമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്‌താവനയുടെ അര്‍ത്ഥം രാജ്യത്ത് ബിജെപി അധികാരത്തില്‍ വരുമെന്നല്ലേയെന്നും സതീശന്‍ ചോദിച്ചു.
പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ:"കോണ്‍ഗ്രസ് തോറ്റാല്‍ രാജ്യത്താകെ 18 സീറ്റില്‍ മത്സരിക്കുന്ന സിപിഎം അധികാരത്തില്‍ വരുമോ. ഒരു വശത്ത് ബിജെപി തൂത്തുവാരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറയുമ്പോള്‍ മറുവശത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നത് ബിജെപി സ്ഥാനാര്‍ഥികള്‍ മിടുക്കരാണെന്നാണ്.