പത്തനംതിട്ട : അടൂരിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നിതിനിടെ ജോലിക്കാരെയും സ്ഥലം ഉടമയെയും വടിവാൾ വീശി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേര്‍ പിടിയിൽ. അടൂർ പറക്കോട് ഇജാസ് മൻസിലിൽ ഇജാസ്(25), പറക്കോട് സുബൈർ മൻസിലിൽ അഫ്‌സൽ (26) എന്നിവരെയാണ് അടൂർ പോലിസിന്‍റെ പിടിയിലായത്. കേസിലെ
മുഖ്യപ്രതി ഷംനാദ് ഒളിവിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാള്‍.
ഈ മാസം അഞ്ചിന് അടൂർ കിളിക്കോട് മലമുരുപ്പ് ഭാഗത്താണ് സംഭവം. വസ്‌തു ഉടമ മാത്യു രാജനാണ് പരാതിക്കാരൻ.
പരാതിക്കാരൻ വ്യവസായം തുടങ്ങുന്നതിനായി സ്വന്തം വസ്‌തുവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കാറിൽ വടിവാളുമായി എത്തിയ ഷംനാദും, ഇജാസും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് പണം ആവശ്യപ്പെടുകയായിരുന്നു.
പണം നൽകിയില്ലെങ്കിൽ പണി തടസപ്പെടുത്തുമെന്ന് പറഞ്ഞ് ജോലിക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു രാജനെയും ഇവര്‍ ഭീഷണിപ്പെടുത്തി. പിന്നീട് തിരികെ പോയ ഷംനാദും ഇജാസും അഫ്‌സലിനെയും കൂട്ടി വീണ്ടും സ്ഥലത്തെത്തി പണം ആവശ്യപ്പെട്ടു. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.