തിരുവനന്തപുരം: കരുനാഗപ്പള്ളിയിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി. പാപ്പനംകോട് യൂണിറ്റിലെ ഡ്രൈവർ എടി പ്രബാഷിനെ സസ്പെൻഡ് ചെയ്യുകയും പൂവാർ യൂണിറ്റിലെ ഡ്രൈവർ ടി ഷൈനിനെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്‌തു.
മെയ് 15 ന് തിരുവനന്തപുരത്തു നിന്നും കോഴിക്കോട് സർവീസ് നടത്തുകയായിരുന്ന JN 357 എസി ബസിന് മുന്നിൽ പോവുകയായിരുന്ന ലോറി ബ്രേക്ക് ചെയ്യുകയും ലോറിക്ക് പുറകിലായി പോവുകയായിരുന്ന സ്‌കൂട്ടർ ലോറിയിൽ ഇടിക്കുകയും, പിന്നിലുള്ള കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിക്കുകയുമായിരുന്നു. സ്‌കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിലാണ് പ്രബാഷിനെ സസ്പെൻഡ് ചെയ്‌തത്.
മെയ് 17 ന് കായംകുളം - തിരുവനന്തപുരം സർവീസിനിടെ ബസ് കരുനാഗപ്പള്ളി ഡിപ്പോയിലേക്ക് കയറുന്നതിനിടെ 75 വയസുകാരനായ ചന്ദ്രബാൽ എന്നയാൾ ബസിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിലാണ് ഷൈനിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്നും കൃത്യനിർവഹണത്തിലെ ഗുരുതരമായ വീഴ്‌ചയും ചട്ടലംഘനവും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.