കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി അടക്കം രണ്ട് പേര്‍ അറസ്റ്റില്‍. വാവാട് സ്വദേശിയായ മുഹമ്മദ് ഡാനിഷ് (29) കൈതപ്പൊയിൽ സ്വദേശിയായ ജിൻഷ (25) എന്നിവരാണ് പിടിയിലായത്. 6.32 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെടുത്തു. ഇന്ന് (ഓഗസ്റ്റ് 28) രാവിലെയാണ് സംഭവം.
ആനക്കാംപൊയിലിലെ റിസോര്‍ട്ടിന് സമീപത്ത് വച്ച് എംഡിഎംഎ കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. തിരുവമ്പാടി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. മലയോര മേഖലയിലെ എംഡിഎംഎ വിതരണ ശൃംഖലയിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. അറസ്‌റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.