വയനാട്:മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ പിടിയിൽ. അർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. മാനന്തവാടി പൊലീസാണ് പ്രതികളെ കസ്‌റ്റഡിയിലെടുത്തത്.
ബെംഗളൂരു ബസിൽ കൽപ്പറ്റയിലേക്ക് വരുന്നതിനിടെയാണ് അർഷിദിനെയും അഭിരാമിനെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. സംഭവ സമയത്ത് വാഹനം ഓടിച്ചത് പച്ചിലക്കാട് സ്വദേശി അർഷിദാണെന്ന് പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നത് പച്ചിലക്കാട് സ്വദേശികളായ രണ്ടു പേരും പനമരം വാടോച്ചാൽ സ്വദേശികളായ രണ്ട് യുവാക്കളും ആയിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ 2 പേർ അറസ്‌റ്റിൽ (ETV Bharat) അതേസമയം, സംഭവത്തിൽ മറ്റ് രണ്ട് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. വിഷ്‌ണു, നബീൽ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇന്നലെ (ഡിസംബർ 16) രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.
'പ്രതികള്‍ ലഹരി ഉപയോഗിച്ചുവെന്ന് സംശയം'
പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് മാതന്‍ പ്രതികരിച്ചു. കൂടല്‍കടവ് പ്രദേശത്ത് ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു മുന്‍ പരിചയവുമില്ലാത്തവരാണ് തന്നെ ആക്രമിച്ചതെന്നും ഈ സംഘം കൂടല്‍കടവിന് താഴ്ഭാഗത്തും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും മാതന്‍ വ്യക്തമാക്കി.
അതേസമയം, പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മാതനെ മന്ത്രി ഒആര്‍ കേളു സന്ദര്‍ശിച്ചു. സംഭവത്തില്‍ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്‌തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് പ്രതികള്‍ ഒളിവിലാണ്. അവരെയും എത്രയും പെട്ടെന്ന് തന്നെ കസ്‌റ്റഡിയില്‍ എടുക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായത്. ആദിവാസി സമൂഹത്തോടുള്ള സമീപനത്തെ ചൂണ്ടിക്കാട്ടുന്നതാണ് ഈ സംഭവമെന്ന് മന്ത്രി വ്യക്തമാക്കി.
സംഭവം ഇങ്ങനെ:കൂടൽക്കടവ് തടയിണയിൽ കുളിക്കാൻ എത്തിയ യുവാക്കൾ ചെമ്മാട് ഉന്നതിയിലെ മാതനെ കഴിഞ്ഞ ദിവസമാണ് വാഹനത്തിൽ വലിച്ചിഴച്ച് പരിക്കേൽപ്പിച്ചത്. നിലവിൽ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് മാതൻ. ഇവർ സഞ്ചരിച്ച വാഹനം പൊലീസ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. മാതന്‍റെ ഇരു കാലിന്‍റെ ഉപ്പൂറ്റിയിലേയും ശരീരത്തിന്‍റെ പിൻഭാഗത്തെ തൊലിയും റോഡിൽ ഉരഞ്ഞു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാറിന്‍റെ വാതിലിൽ കുടുങ്ങി മാതന്‍റെ ഇടതുകൈയുടെ തള്ള വിരൽ മുറിഞ്ഞതായും മെഡിക്കൽ രേഖകളില്‍ വ്യക്തമാക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കൂടൽക്കടവ് ചെക്ക് ഡാം കാണാനെത്തിയവരാണ് മാതനെ ഉപദ്രവിച്ചത്. ഡിസംബർ 15ന് വൈകിട്ട് 5.30ന് മാനന്തവാടി-പുൽപ്പള്ളി റോഡിലെ കൂടൽക്കടവിലാണ് സംഭവം. ചെക്ക് ഡാം കാണാനെത്തിയവർ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ബഹളമുണ്ടാക്കിയിരുന്നു. ഇതിൽ ഒരു ടീമിന്‍റെ കാർ മാനന്തവാടി-പുൽപ്പള്ളി റോഡിലെ കൂടൽക്കടവ് കവലയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ചെക്ക്ഡാമിന്‍റെ ഭാഗത്ത് നിന്നുവരുന്ന കാർ എറിഞ്ഞു തകർക്കാനുള്ള മുന്നൊരുക്കത്തിലായിരുന്നു നിർത്തിയിട്ട കാറിലുണ്ടായിരുന്നവരെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ ഇടപെട്ട മാതനെ കാറിന്‍റെ വാതിലടച്ച് വലിച്ചിഴച്ച് കാർ ഓടിക്കുകയായിരുന്നു. 200 മീറ്ററോളമാണ് പ്രതികൾ മാതനെ റോഡിലൂടെ വലിച്ചിഴച്ചത്.
കാറിലുണ്ടായിരുന്നവരെ മറ്റൊരു വാഹനത്തിന്‍റെ സഹായത്തോടെ പ്രദേശവാസികൾ പിടികൂടാൻ നോക്കിയെങ്കിലും മാതനെ ഉപേക്ഷിച്ച് കാറുമായി സംഘം കടന്ന് കളയുകയായിരുന്നു. മാതനെ നാട്ടുകാരാണ് വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലിച്ചിഴച്ച കാറിന് പിന്നിൽ വന്ന കാറിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വൻ വിവാദമായത്.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒആർ കേളു നിർദേശം നൽകിയിരുന്നു. കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് മന്ത്രി നിർദേശം നൽകി. പ്രിയങ്കാ ഗാന്ധി എംപി വയനാട് കലക്‌ടർ ഡിആർ മേഘശ്രീയെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു. സംഭവത്തിൽ കർശന നടപടി വേണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Also Read:കൊടും ക്രൂരത: ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ചു; വിനോദ സഞ്ചാരികള്‍ക്കെതിരെ വധശ്രമത്തിന് കേസ്