കേരളം

kerala

ETV Bharat / state

പാലമില്ലാതെ മിഞ്ചിക്കോട്ടെ പുഴ; ട്രോളി-റോപ് വേയില്‍ മറുകര തേടി ബദിയടുക്ക നിവാസികള്‍ - RIVER ROPEWAY IN BADIYADKA - RIVER ROPEWAY IN BADIYADKA

വര്‍ഷങ്ങളോളം ആവശ്യപ്പെട്ടിട്ടും പാലമില്ലാതെ മിഞ്ചിക്കോട്ടെ പുഴ. ഒടുക്കം മറുകര തേടാന്‍ പുതിയ മാര്‍ഗം കണ്ടെത്തി നാട്ടുകാരാനായ ബിമേഷ. പുഴയ്‌ക്ക് കുറുകെ റോപ്പ് വേ സ്ഥാപിച്ചു.

BADIYADKA RIVER ROPEWAY  TROLLEY RIVER ROPEWAY IN BADIYADKA  ബദിയടുക്ക ട്രോളി റോപ് വേ  Bridge For Minjikode River
River Ropeway in Badiyadka (ETV Bharat)

By ETV Bharat Kerala Team

Published : Jul 23, 2024, 10:20 PM IST

കാസർകോട്: പുഴയ്ക്ക് കുറുകെ ഒരു പാലം വേണമെന്ന ബദിയടുക്കയിലെ നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ അധികൃതർ കണ്ണടച്ചതോടെ കുത്തിയൊഴുകുന്ന പുഴ മുറിച്ച് കടക്കാൻ പുതിയ മാർഗം കണ്ടെത്തിയിരിക്കുകയാണ് പ്രദേശവാസിയായ ബീമേഷ. പുഴയ്ക്ക് കുറുകെ ട്രോളി-റോപ് വേ സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍.

പഞ്ചായത്ത് അധികൃതരോടും ബന്ധപ്പെട്ട ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടും പാലം പണിയാന്‍ നടപടിയുണ്ടായില്ല. ഇതോടെയാണ് സ്വന്തമായി ട്രോളി-റോപ് വേ ഉണ്ടാക്കാൻ തീരുമാനിച്ചത്. എന്നാൽ വലിയ തുക വേണ്ടി വരുമെന്ന് പലരും പറഞ്ഞതോടെ ആദ്യം മടിച്ചു.

പിന്നീട് ചെറിയ തുകയ്ക്ക് മറുകര താണ്ടാൻ സംവിധാനം ഉണ്ടാക്കാൻ വഴിയുണ്ടോയെന്ന അന്വേഷണം എത്തിയത് പുത്തൂർ വിവേകാനന്ദ എഞ്ചിനീയറിങ് കോളജിലെ മെക്കാനിക്കൽ വിഭാഗം തലവൻ പ്രൊഫസർ സുനിലിലേക്കാണ്. 60,000 രൂപയ്ക്ക് ട്രോളി-റോപ്പ് വേ നിർമിക്കാമെന്ന് പ്രൊഫസർ അറിയിച്ചു. അദ്ദേഹവും മെക്കാനിക്കൽ വിഭാഗം വിദ്യാർഥികളും ചേർന്നാണ് ട്രോളി-റോപ്പ് വേ നിർമിച്ചത്.

10 വർഷം ഗ്യാരണ്ടിയാണ് ട്രോളി റോപ്പ് വേക്ക് പറഞ്ഞിട്ടുള്ളത്. എന്നാൽ ഗ്രീസും ഓയിലും കൃത്യമായി നൽകി പരിപാലിച്ചാൽ വർഷങ്ങൾ കഴിഞ്ഞാലും ഇത് ഉപയോഗിക്കാമെന്നും പറയുന്നു. ഇരുകരയിലും ശക്തമായ കോൺക്രീറ്റ് തൂൺ സ്ഥാപിച്ചാണ് ട്രോളി-റോപ്പ് വേ നിർമിച്ചിരിക്കുന്നത്. കാലവർഷം തുടങ്ങി അഞ്ചാറ് മാസം മാത്രമെ ട്രോളി റോപ്പ് വേ ഉപയോഗിക്കേണ്ടതായി വരുന്നുള്ളു. അത് കഴിഞ്ഞാൽ പുഴയിൽ വെള്ളം കുറയുന്നതോടെ നടന്ന് തന്നെ അക്കരെയെത്താം.

ബദിയടുക്ക പഞ്ചായത്തിലെ രണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ടാന്ന് ട്രോളി റോപ്പ് വേ നിർമിച്ചിരിക്കുന്നത്. 250 കിലോ ഭാരം താങ്ങാവുന്ന ട്രോളിയിലൂടെയാണ് അടക്ക, തേങ്ങ, കാർഷിക ഉത്‌പന്നങ്ങൾ എന്നിവയെല്ലാം ഇപ്പോള്‍ മറുകരയ്ക്ക് എത്തിക്കുന്നത്. പരിസരവാസികളിൽ പലരും ഈ റോപ്പ് വേ സംവിധാനം ഉപയോഗിച്ചാണ് മറുകര പിടിക്കുന്നത്.

ആർക്കും ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ട്രോളി-റോപ്പ് വേ നിർമിച്ചിരിക്കുന്നതെന്നും ബിമേഷ പറഞ്ഞു. ഈ അവസ്ഥ കണ്ടെങ്കിലും അധികൃതർ കണ്‍ തുറക്കുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ബീമേഷയും നാട്ടുകാരും.

Also Read: മാങ്ങാപ്പാറക്കുടിയിലേക്കുള്ള യാത്രാദുരിതം രൂക്ഷം; പുഴയ്‌ക്ക് കുറുകെ പാലം വേണമെന്ന് ആവശ്യം

ABOUT THE AUTHOR

...view details