കോഴിക്കോട്: ഒരു തെരഞ്ഞെടുപ്പ് കൂടി പടിവാതിക്കലിൽ എത്തിനിൽകുമ്പോൾ ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. സിപിഎമ്മുകാരൻ എന്നതിനപ്പുറം ഒരു ജനകീയനായ വ്യക്തിയെ 51 വെട്ടുവെട്ടി ഛിന്നഭിന്നമാക്കിയതിന്‍റെ നടുക്കുന്ന ഓർമകൾ സിപിഎമ്മിനെ വീണ്ടും വേട്ടയാടുകയാണ്. വിചാരണ കോടതിക്ക് മുകളിൽ ഹൈക്കോടതിയുടെ കണ്ടെത്തലുകൾ വന്നപ്പോൾ കേസ് അട്ടിമറിക്കാൻ ഒത്താശ ചെയ്‌തവരുടെ മുഖവും വികൃതമാവുകയാണ്.
റവല്യൂഷനറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി (ആർഎംപി) നേതാവായിരുന്ന ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 36 പ്രതികളിൽ 12 പേരെയാണ് 2014 ൽ വിചാരണ കോടതി ശിക്ഷിച്ചത്. ഇതിനെതിരെ ശിക്ഷിക്കപ്പെട്ട പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും രംഗത്തെത്തി. എഫ്ഐആറിൽ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും, പലരെയും കേസിൽ പ്രതി ചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആയിരുന്നു പ്രതികളുടെ പ്രധാന വാദം.
കേസിൽ സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയായ പി മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചിരുന്നു. ഇത് ചോദ്യം ചെയ്‌താണ് ടി പി ചന്ദ്രശേഖരന്‍റെ ഭാര്യ കെകെ രമ എംഎൽഎ അപ്പീൽ നൽകിയത്. ജസ്‌റ്റീസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലുകളിൽ വിധി പറഞ്ഞത്.
കൊലപാതത്തിൽ നേരിട്ടും, ഗൂഢാലോചനയിലും പങ്കെടുത്ത എം സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനുമാണ് വിചാരണ കോടതി ശിക്ഷിച്ചിരുന്നത്. കേസിലെ ഒന്നു മുതൽ ഏഴ് വരെയുള്ള പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ. കേസില്‍ 13-ാം പ്രതിയായ കുഞ്ഞനന്തൻ ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂൺ 11 ന് തിരുവനന്തപുരം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞിരുന്നു.
Also Read: ടിപി വധക്കേസ്; പ്രതികള്‍ക്ക് തിരിച്ചടി, ശിക്ഷ ശരിവച്ച് ഹൈക്കോടതി
പാർട്ടിയുണ്ടാക്കിയതിന് ശിക്ഷ മരണം: 2012 മേയ് 4ന് വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ചാണ് ആർഎംപി സ്‌ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുന്നത്. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി പാർട്ടിയുണ്ടാക്കിയതിന്‍റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
വഴിതെറ്റിക്കാൻ മാഷാ അള്ളാ സ്‌റ്റിക്കർ: മെയ് 5ന് കൊലയാളി സംഘം ഉപയോഗിച്ച മാഷാ അള്ളാ എന്ന സ്‌റ്റിക്കർ ഒട്ടിച്ച ഇന്നോവ കാർ മാഹിക്കടുത്ത് ചോക്ലിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നു. കാറിൽ രക്തത്തുള്ളികളും കണ്ടെത്തുന്നു. മെയ് 10 ന് കാറിനെ പിന്തുടർന്ന് നടന്ന അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ കൊടി സുനി, വായിപ്പടച്ചി റഫീക്ക് എന്നിവരടക്കം 12 പേരെ ഉൾപെടുത്തി പ്രാഥമിക പ്രതിപ്പട്ടിക തയ്യാറാക്കുന്നു.
സിപിഎം നേതാക്കളുടെ അറസ്‌റ്റ്:മെയ് 11 ന് പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. മെയ് 15 ന് സിപിഎം ഓർക്കാട്ടേരി ലോക്കൽ കമ്മിറ്റി അംഗം പടയംകണ്ടി രവീന്ദ്രൻ ഉൾപെടെ 5 പേർ അറസ്‌റ്റിലാകുന്നു. തൊട്ടടുത്ത ദിവസം സിപിഎം കുന്നുമങ്കര ലോക്കൽ കമ്മിറ്റി അംഗം കെ സി രാമചന്ദ്രൻ അറസ്‌റ്റിലാകുന്നു. മെയ് 19 ന് സിപിഎം കുന്നോത്തുപാറ ലോക്കൽ കമ്മിറ്റി അംഗം ജ്യോതി ബാബുവും അറസ്‌റ്റിലാകുന്നു.
മെയ് 23നാണ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കൊലയാളി സംഘത്തിലെ ആദ്യത്തെയാൾ അറസ്‌റ്റിലാകുന്നത്. അണ്ണൻ എന്ന സിജിത്തിനെ മൈസൂരിൽ നിന്ന് പിടികൂടി. തൊട്ടടുത്ത ദിവസം സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി അംഗവും ഒഞ്ചിയം ഏരിയ സെക്രട്ടറിയുമായ സി എച്ച് അശോകനെയും ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായ കെ കെ കൃഷ്‌ണനെയും അറസ്‌റ്റ് ചെയ്‌തു.