കേരളം

kerala

ETV Bharat / state

ടിപി വധക്കേസ്; പ്രതികള്‍ക്ക് തിരിച്ചടി, ശിക്ഷ ശരിവച്ച് ഹൈക്കോടതി - ടിപി വധക്കേസ്

കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദാക്കി.

TP Chandrasekharan murder case  Kerala HC on TP case  Kerala HC  ടിപി വധക്കേസ്  ടിപി വധക്കേസ് പ്രതികള്‍
tp-chandrasekharan-murder-case-high-court

By ETV Bharat Kerala Team

Published : Feb 19, 2024, 10:40 AM IST

Updated : Feb 19, 2024, 1:37 PM IST

എറണാകുളം :ടിപി ചന്ദ്രശേഖരൻ വധക്കേസില്‍ പ്രതികൾക്ക് തിരിച്ചടി. വിധി ശരിവച്ച് ഹൈക്കോടതി. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികളുടെ ശിക്ഷയാണ് കോടതി ശരിവച്ചത്. രണ്ട് പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദാക്കി (Kerala HC on TP Chandrasekharan case). പ്രതികളുടെ അപ്പീലും ഹൈക്കോടതി റദ്ദാക്കി.

റദ്ദാക്കിയത് പത്തും പന്ത്രണ്ടും പ്രതികളുടെ അപ്പീല്‍. കെകെ കൃഷ്‌ണനും ജ്യോതി ബാബുവും കുറ്റക്കാരെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം സിപിഎം നേതാവ് പി മോഹനനെ വെറുതെ വിട്ട വിധി കോടതി ശരിവച്ചു. ഒന്നുമതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും മേല്‍ ഗൂഢാലോചന കുറ്റം കൂടി ചുമത്തുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും.

പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്ന കാര്യത്തിലും പിഴ തുക കൂട്ടുന്ന കാര്യത്തിലും ഹൈക്കോടതി വാദം കേൾക്കും. പ്രതികളുടെ മാനസികാരോഗ്യ നില റിപ്പോർട്ട് ഹൈക്കോടതി തേടിയിട്ടുണ്ട്. ജീവപര്യന്തം ശിക്ഷിച്ച പ്രതികളെ ഫെബ്രുവരി 26ന് ഹൈക്കോടതിയിൽ ഹാജരാക്കാനാണ് നിർദേശം.

ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ, സര്‍ക്കാര്‍, പ്രതികള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി. കേസിലെ 10 പ്രതികളുടെയും ശിക്ഷ ഹൈക്കോടതി ശരിവച്ചു. ടിപി വധക്കേസിലെ 36 പ്രതികളില്‍ 12 പേരെ 2014ല്‍ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

അതേസമയം പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരും ഹര്‍ജി സമര്‍പ്പിച്ചു. സിപിഎം നോതാവ് പി മോഹനന്‍ അടക്കമുള്ളവരെ വെറുതെ വിട്ടത് ചോദ്യം ചെയ്‌ത് ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമയും കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി സമര്‍പ്പിച്ച് ഒന്‍പത് വര്‍ഷം പിന്നിട്ടപ്പോഴാണ് വിധി വരുന്നത്.

ജസ്റ്റിസുമാരായ കൗസര്‍ എടപ്പഗത്ത്, ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിധി. 2012 മെയ്‌ 4നാണ് ആര്‍എംപി സ്ഥാപകന്‍ ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. കോഴിക്കോട് വടകരയ്‌ക്കടുത്തുള്ള വള്ളിക്കാട് വച്ച് അക്രമി സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം ടിപിയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സിപിഎം വിട്ട ടിപി ഒഞ്ചിയത്ത് ആര്‍എംപി രൂപീകരിച്ചതിലുള്ള പകവീട്ടലായിരുന്നു കൊലപാതകമെന്നാണ് കേസ്.

സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍, കിര്‍മാണി മനോജ്, കൊടി സുനി, എം സി അനൂപ്, അണ്ണന്‍ സജിത്ത്, ട്രൗസര്‍ മനോജ്, വായപ്പടച്ചി റഫീഖ്, ടി കെ രജീഷ്, കെ ഷിനോജ്, മുഹമ്മദ് ഷാഫി, കെ സി രാമചന്ദ്രന്‍ എന്നീ പ്രതികളെ 2014ല്‍ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസിലെ മറ്റൊരു പ്രതി ലംബു പ്രദീപനെ മൂന്ന് വര്‍ഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചത്. സിപിഎം നേതാവ് പി മോഹനന്‍ അടക്കം 24 പേരെ കേസില്‍ കോടതി വിട്ടയക്കുകയായിരുന്നു.

ഇതിനെതിരാണ് കെ കെ രമ ഹൈക്കോടതിയെ സമീപിച്ചത്. എഫ്‌ഐആറില്‍ പ്രതികളെ കുറിച്ച് കൃത്യമായ വിവരം ഇല്ലെന്നും പലരെയും കേസില്‍ പ്രതിചേര്‍ത്തതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നുമായിരുന്നു പ്രതികളുടെ വാദം. ശിക്ഷ അനുഭവിക്കുന്നതിനിടെ പി കെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചു.

Last Updated : Feb 19, 2024, 1:37 PM IST

ABOUT THE AUTHOR

...view details