തൃശൂർ:തമിഴ്‌നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദേശ പൗരൻ മരിച്ചു. വിനോദസഞ്ചാരത്തിനായി വാൽപ്പാറയിൽ എത്തിയ ജർമൻ പൗരൻ മൈക്കിളാണ് (60) മരിച്ചത്. കോയമ്പത്തൂർ ജില്ലയിലെ വാൽപ്പാറയ്ക്ക് സമീപം ടൈഗർവാലി വ്യൂ പോയിന്‍റിൽ വച്ച് കഴിഞ്ഞ ദിവസം (ഫെബ്രുവരി 4) വൈകുന്നേരം 4.30 ഓടെയാണ് ബൈക്കിൽ സഞ്ചരിച്ച മൈക്കിളിനെ ആന ആക്രമിച്ചത്.
പൊള്ളാച്ചിയിൽ നിന്ന് വാൽപ്പാറയിലേക്ക് എത്തിയ മൈക്കിൾ ബൈക്കിലാണ് സഞ്ചരിച്ചത്. റോഡിൽ ആന നിൽക്കുന്നത് കണ്ട് നാട്ടുകാർ വിലക്കിയെങ്കിലും ഇത് വകവയ്ക്കാതെ ഇദ്ദേഹം മുന്നോട്ടു പോവുകയായിരുന്നു. കാട്ടാനയ്ക്ക് പിന്നിലൂടെ ബൈക്കിൽ പോകുകയായിരുന്നു മൈക്കിൾ. തൊട്ടടുത്തെത്തിയതോടെ മൈക്കിലിന്‍റെ ബൈക്ക് ആന തട്ടിത്തെറിപ്പിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.
നാട്ടുകാർ ചേർന്ന് ഉടൻ തന്നെ എസ്‌റ്റേറ്റ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ച് അൽപസമയത്തിനകം തന്നെ മൈക്കിൾ മരണപ്പെട്ടു.