തിരുവനന്തപുരം : ടിപ്പർ ലോറി ഇരുചക്ര വാഹനത്തിലേക്ക് ഇടിച്ചുകയറി തലസ്ഥാനത്ത് നടുറോഡിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. പനവിള ജംഗ്ഷനിൽ ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷം 3 മണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടറിൽ സഞ്ചരിച്ച പേയാട് മലയിൻകീഴ് സ്വദേശി സുധീർ ജിഎസ് ആണ് മരിച്ചത് (Scooter Passenger Died After Being Hit By Tipper).
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ലോറിയുടെ പിൻചക്രങ്ങൾ സുധീറിന്‍റെ ശരീരത്തിൽ കയറിയിറങ്ങി. അപകടം നടന്നയുടൻ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരക്കേറിയ നിരത്തിലെ ടിപ്പർ ലോറി യാത്ര കാരണം തലസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.