തൃശൂർ:തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളായ തിരുവമ്പാടിയിലും, പാറമേക്കാവിലും കൊടിയേറ്റ് നടന്നു. പൂരത്തിന്‍റെ ഘടക ക്ഷേത്രങ്ങളിൽ ഒന്നായ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം പൂരം കൊടിയേറിയത്, രാവിലെ ആയിരുന്നു ഇവിടെ കൊടിയേറ്റ്.
തുടർന്ന് തൃശൂർ പൂരത്തിന്‍റെ പ്രധാന പങ്കാളികളായ തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറ്റ് നടന്നു. 11.30 ഓടെ തിരുവമ്പാടിയിൽ തട്ടകക്കാർ ചേർന്ന് കൊടിമരം ഉയർത്തി. ശേഷം 12 മണിയോടെ പാറമേക്കാവിലും പൂരം കോടിയേറി. പൂരം കൊടിയേറിയതോടെ തൃശൂർ നഗരം പൂർണമായും പൂരാവേശത്തിലേക്ക് കടന്നു. 17 ന് വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട്. 19 നാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം.
ആനകളുടെ പട്ടികയും, ഫിറ്റ്നസ് സർട്ടിഫിക്കറ്റും: പൂരത്തിന് എഴുന്നള്ളിക്കുന്ന മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാൻ ഹൈക്കോടതി വനം വകുപ്പിന് നിർദേശം നല്‍കി. പതിനാറാം തീയതിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണം. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന കാര്യത്തിൽ 17 ന് ഹൈക്കോടതി തീരുമാനമെടുക്കും. മദപ്പാടുള്ളതോ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതോ ആയ ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.