കാസർകോട്:10 ഫീൽഡ് ക്യാമറകളുള്ള ഫുട്‌ബോള്‍ സ്റ്റേഡിയം. ലൈവ് മൂവ്‌മെന്‍റുകള്‍ ഒപ്പിയെടുക്കാന്‍ ഡ്രോണ്‍ ക്യാമറ. വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സ്‌ക്രീന്‍. അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളെ ഓർമ്മിപ്പിക്കും വിധം 'വീഡിയോ അസിസ്റ്റന്‍റ് റഫറി’ (വിഎആർ– വാർ) സിസ്റ്റമാണ് സ്റ്റേഡിയത്തിന്‍റെ ഹൈലൈറ്റ്. പറഞ്ഞു വന്നത് അന്താരാഷ്‌ട്ര ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ ഏതിനെയും പറ്റിയല്ല...
അന്താരാഷ്‌ട്ര നിലവാരത്തെ കാണികള്‍ക്ക് സമ്മാനിക്കുന്ന, ഒരു നാട്ടിൻ പുറത്തെ ഫുട്ബോൾ ഗ്രൗണ്ടിനെപ്പറ്റിയാണ്. തൃക്കരിപ്പൂര്‍ ഹൈസ്‌കൂൾ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് ഫുട്‌ബോള്‍ മൈതാനത്തിന്‍റെ എല്ലാ ആവേശങ്ങളും ആവാഹിക്കും വിധമുള്ള സൗകര്യങ്ങളൊരുങ്ങിയത്.
ഖാൻ സാഹിബ് കപ്പ് സെവൻസ് ടൂർണമെന്‍റ് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം ആരംഭിച്ച ഖാൻ സാഹിബ് കപ്പ് സെവൻസ് ടൂർണമെന്‍റിലാണ് പ്രാദേശികമായി തയാറാക്കിയ ‘വാർ’ മാതൃകയിലുള്ള വീഡിയോ അസിസ്റ്റന്‍റ് സിസ്റ്റം ഉപയോഗിച്ചത്. ഇന്ത്യയിൽ ഇത്തരമൊരു സംവിധാനത്തില്‍ സ്റ്റേഡിയം ഒരുങ്ങുന്നത് ആദ്യമായാണ് എന്നാണ് ക്ലബ് പ്രസിഡന്‍റ് എജി അക്ബർ പറയുന്നത്. അത്യന്തം ആവേശത്തോടെയും സന്തോഷത്തോടെയുമാണ് അക്ബര്‍ ഇത് പറഞ്ഞുവയ്‌ക്കുന്നത്.
ഫുട്ബോൾ മത്സരത്തിൻ്റെ നിർണായക ഘട്ടങ്ങളില്‍ പലപ്പോഴും തർക്കങ്ങൾ പതിവാണ്. ഇത് പരിഹരിക്കാൻ കൂടിയാണ് വീഡിയോ അസിസ്റ്റന്‍റ് റഫറി സംവിധാനത്തിൻ്റെ സഹായത്തോടെ മത്സരത്തിൻ്റെ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുന്നത്. ലോകകപ്പ് ഫുട്ബോള്‍ ഉള്‍പ്പടെ രാജ്യാന്തര മത്സരങ്ങളിൽ മാത്രം കാണുന്ന വാർ സംവിധാനമാണ് ഖാൻ സാഹിബ് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിലൊരുക്കിയത്.
നിർണായക ഘട്ടങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ ഓൺ - ഫീൽഡ് റഫറിമാരെ സഹായിക്കുകയാണ് വാർ സംവിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഉപയോഗിക്കുന്ന സംവിധാനം ഇന്ത്യൻ ഫുട്ബോളിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഫുട്ബോളിനെ അത്രയും സ്നേഹിക്കുന്നവരാണ് തൃക്കരിപ്പൂരുകാർ. നിരവധി മത്സരങ്ങൾ ഇവിടെ നടക്കാറുണ്ട്. വിധിനിർണയത്തിൽ പാളിച്ചകൾ ഉണ്ടാകരുത് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് സംഘാടകർ 5 ലക്ഷം രൂപ ചെലവിൽ പ്രാദേശിക വീഡിയോ അസിസ്റ്റൻ്റ് റഫറി സംവിധാനം സജ്ജമാക്കിയത്.
വാശിയേറിയ മത്സരം നടക്കുന്ന സെവൻസ് ഫുട്ബോളിൽ വാർ സംവിധാനം ഒരുക്കിയത് ഏറെ പ്രയോജനകരമെന്ന് റഫറിമാരും പറയുന്നു. സെവൻസ് ഫുട്ബോൾ അസോസിയേഷൻ അംഗീകാരമുള്ള മൂന്നാമത് ഖാൻ സാഹിബ് സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിൽ വാർ സാങ്കേതിക വിദ്യയ്‌ക്കൊപ്പം ശീതീകരിച്ച വിഐപി പവലിയനും ഒരുക്കിയിട്ടുണ്ട്.
ഡിസംബർ 1 മുതൽ 20 വരെ തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണ്ണമെൻ്റിൽ കേരളത്തിലെ പ്രമുഖരായ ഇരുപത് ടീമുകളാണ് പങ്കെടുക്കുന്നത്.
എന്താണ് വാർ സംവിധാനം?
ഫുട്ബോളിൽ ഓൺ ഫീൽഡ് റഫറിമാരെ സഹായിക്കാനുള്ള വീഡിയോ അധിഷ്‌ഠിത സംവിധാനമാണ് ‘വാർ’. ലോകകപ്പ് ഉൾപ്പെടെയുള്ള രാജ്യാന്തര മത്സരങ്ങളിൽ ഉപയോഗിക്കുന്ന ഈ സാങ്കേതിക വിദ്യ ഇന്ത്യൻ ഫുട്ബോളിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. അനേകം ക്യാമറകളുടെയും എഐയുടെയും സഹായത്തോടെ മത്സരത്തിന്‍റെ ദൃശ്യങ്ങൾ വിശകലനം ചെയ്യുന്നതാണ് ഇതിന്‍റെ പ്രവർത്തന രീതി. ‘യഥാർഥ വാർ’ സംവിധാനവുമായി സാമ്യമുള്ള രീതിയിലാണ് തൃക്കരിപ്പൂരിലെ സാങ്കേതിക സംവിധാനം പ്രവർത്തിക്കുന്നത്.
Also Read:മഞ്ഞുമലയില്‍ തെന്നിപ്പായാന്‍ ഗുല്‍മാര്‍ഗ് വിളിക്കുന്നു; മഞ്ഞണിഞ്ഞ് കശ്‌മീര്‍ താഴ്‌വര!