തിരുവനന്തപുരം: പ്രതിമകള്‍ കൊണ്ടു സമ്പന്നമായ തലസ്ഥാന നഗരവീഥിയിലേക്ക് മൂന്നു പുതിയ പ്രതിമകള്‍ കൂടിയെത്തുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന എ കെ ഗോപാലന്‍, ഇ എം എസ്, കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവരുടെ മൂന്നര അടി ഉയരമുള്ള പ്രതിമകളാവും സ്ഥാപിക്കുക. പ്രസിദ്ധ ശില്‍പി ഉണ്ണി കാനായി ഒരുക്കുന്ന ശില്‍പങ്ങളില്‍ എകെജിയുടെയും ഇ എം എസിന്‍റെയും വെങ്കല നിറത്തിലുള്ള ശില്‍പങ്ങള്‍ വഞ്ചിയൂര്‍ ജങ്ഷനിലാകും സ്ഥാപിക്കുക. കോടിയേരി ബാലകൃഷ്‌ണന്‍റെ യഥാര്‍ഥ നിറത്തിലുള്ള ശില്‍പം പിടിപി നഗറിന് സമീപത്തെ കൂട്ടാംവിളയിലുമാകും സ്ഥാപിക്കുക.
ഉണ്ണി കാനായിയുടെ ഒമ്പത് ശില്‍പങ്ങള്‍ ഇതോടെ തിരുവനന്തപുരം നഗരത്തിലെത്തും. ശില്‍പങ്ങള്‍ അവസാനഘട്ട മിനുക്ക് പണികളിലാണെന്നും മൂന്ന് മാസമെടുത്ത് നിര്‍മിച്ച ശില്‍പങ്ങള്‍ അടുത്ത അഴ്‌ച വഞ്ചിയൂരില്‍ അനാച്‌ഛാദനം ചെയ്യുമെന്നും കേരള ലളിത കലാ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ശില്‍പി ഉണ്ണി കാനായി ഇടിവി ഭാരതിനോട് പറഞ്ഞു. മൂന്നര അടി പൊക്കത്തിലാണ് ശില്‍പങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.
എകെജിയുടെയും ഇഎംഎസിന്‍റെയും ഫൈബര്‍ ഗ്ലാസ് ശില്‍പങ്ങളാണ് നിര്‍മിച്ചിരിക്കുന്നത്. ആദ്യം കളിമണ്ണില്‍ നിര്‍മിച്ച ശേഷം പ്ലാസ്റ്റര്‍ ഓഫ് പാരീസ് അതിന് മുകളില്‍ ചേര്‍ത്ത് ഫൈബര്‍ ഗ്ലാസിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് ശില്‍പങ്ങള്‍ കൂടി എത്തുന്നതോടെ തിരുവനന്തപുരം പട്ടണത്തില്‍ തന്‍റെ ഒമ്പത് ശില്‍പങ്ങള്‍ പൂര്‍ത്തിയാകുമെന്നും ഉണ്ണി കാനായി പറഞ്ഞു.