കോട്ടയം: കോട്ടയം നഗരസഭയിൽ നടന്ന 3 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, സെക്ഷൻ ക്ലർക്ക് ബിന്ദു കെ.ജി, അക്കൗണ്ട് വിഭാഗത്തിലെ ബിൽ തയ്യാറാക്കുന്ന സന്തോഷ് കുമാർ എന്നിവരെയാണ് നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യന്‍ സസ്പെൻഡ് ചെയ്‌തത്. സംഭവത്തില്‍ സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
തട്ടിപ്പ് നടത്തിയ മുന്‍ ക്ലര്‍ക്ക് അഖിൽ സി വർഗീസിനെ നേരത്തെ നഗരസഭ സസ്പെൻഡ് ചെയ്‌തിരുന്നു. അതിനിടെ, പെൻഷൻ അഴിമതിക്കെതിരെ ഡിവൈഎഫ്ഐ നഗരസഭയിലേക്ക് നടത്തിയ മാർച്ചില്‍ നേരിയ സംഘർഷമുണ്ടായി. ഇടതുപക്ഷ കൗൺസിലർമാരും ചേര്‍ന്നാണ് ഇന്നലെ (12-08-2024) നഗരസഭ ഓഫിസിന് മുൻപിൽ പ്രതിഷേധം നടത്തിയത്.
പ്രകടനമായെത്തിയ പ്രവർത്തകർ നഗരസഭയുടെ ഗേറ്റ് കടന്ന് ഓഫിസിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. പൊലീസ് ഇത് തടഞ്ഞതോടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായത്. നഗരസഭ ചെയർപേഴ്‌സണും ഭരണ സമിതിയും അറിഞ്ഞു കൊണ്ടാണ് കോടികളുടെ തടിപ്പ് നടത്തിയതെന്ന് സിപിഎം ഏരിയ സെക്രട്ടറി ബി ശശികുമാർ ആരോപിച്ചു.