കോഴിക്കോട്:20 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ എക്‌സൈസിന്‍റെ പിടിയിൽ. കൊയിലാണ്ടി സ്വദേശി സിദ്ദിഖ് ഇബ്രാഹിം (32), വടകര സ്വദേശി റംസാദ് (38), കൂത്താളി മുഹമ്മദ് അസ്ലം (28) എന്നിവരാണ് പിടിയിലായത്. കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന സംഘത്തെ കോഴിക്കോട് മലപ്പറമ്പിന് സമീപം ഫ്ലോറിക്കൽ റോഡിൽ വച്ചാണ് പിടികൂടിയത്.
കാറിനകത്ത് രണ്ട് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കാസർകോട് നീലേശ്വരത്ത് നിന്നും വാങ്ങിയ കഞ്ചാവ് പെരുമണ്ണ സ്വദേശിയായ ഒരാൾക്ക് കൈമാറാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ എക്‌സൈസിന്‍റെ വലയിലായത്. കാസർകോട് നീലേശ്വരം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കടത്ത് സംഘങ്ങളിലെ പ്രധാന കണ്ണികളാണ് പിടിയിലായ മൂവരും. ഈ മാസം നാലാം തവണയാണ് ഇത്തരത്തിൽ കാസർകോട് നിന്നും ഇവർ കോഴിക്കോട് ഭാഗങ്ങളിൽ കഞ്ചാവുമായി എത്തിയത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രാത്രി എക്‌സൈസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. ഒരു കിലോ കഞ്ചാവിന് പതിനാലായിരം രൂപ നിരക്കിലാണ് ഇവർ വില്‍പന നടത്തിയിരുന്നത്. ആന്ധ്രയിൽ നിന്നുമാണ് കഞ്ചാവ് ആദ്യം കാസർകോട് എത്തിക്കുന്നത്. അവിടെനിന്ന് പാക്കറ്റുകളാക്കി കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ എത്തിക്കുകയാണ് പതിവ്.
പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ പരിശോധയ്ക്ക് വിധേയമാക്കി. മറ്റ് കണ്ണികളെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് എക്‌സൈസ് സംഘം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കോഴിക്കോട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ടി രാജീവ്, എക്‌സൈസ് ഇൻസ്പെക്‌ടർ ബിൽജിത്ത്, അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്പെക്‌ടർമാരായ എം ഹാരിസ്, ടി കെ സഹദേവൻ, പ്രിവന്‍റീവ് ഓഫിസർമാരായ പ്രവീൺ കുമാർ, സിപി ഷാജു, ജലാലുദ്ദീൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി കെ സതീഷ്, ജിത്തു,എം എം ബിനീഷ് എന്നിവർ നേതൃത്വം നൽകി.
Also Read :എക്സൈസ് റെയ്‌ഡ്; 2.5 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയില്‍ - GANJA SEIZED IN KOTTAYAM