കണ്ണൂര്‍ :ഉപതെരഞ്ഞെടുപ്പ് വേളയിൽ കേരള രാഷ്ട്രീയത്തെയും ഇടതുമുന്നണിയേയും പിടിച്ചു കുലുക്കുന്ന കോഴ ആരോപണം ആണ് പുറത്ത് വന്നിട്ടുള്ളത്. കുട്ടനാട് എംഎൽഎയും എന്‍സിപി നേതാവും ആയ തോമസ് കെ തോമസ് എംഎല്‍എക്ക് എതിരെയാണ് കോഴ ആരോപണം. എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്‍റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്‌ദാനം ചെയ്‌തു എന്നാണ് ആരോപണം.
പരാതി മുഖ്യമന്ത്രി സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തു. തോമസ് കെ തോമസിന്‍റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമര്‍ശിച്ചത്. കുറച്ച് മാസങ്ങൾക്കു മുൻപ് മാഹാരാഷ്ട്രയിൽ വരെ എത്തിയ മന്ത്രി മാറ്റ ചർച്ചകൾക്ക് തടസം ആയതും ഈ ആരോപണം ആണെന്നാണ് സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആരോപണം സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രി കോവൂര്‍ കുഞ്ഞുമോനെയും ആന്‍റണി രാജുവിനെയും വിളിപ്പിച്ചു. കൊട്ടാരക്കര പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വച്ചാണ് മുഖ്യമന്ത്രി കോവൂരിനെ കണ്ടത്. ആരോപണം മുഖ്യമന്ത്രിക്ക് മുന്നില്‍ കോവൂര്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ ആന്‍റണി രാജു ആരോപണം മുഖ്യമന്ത്രിയോട് സ്ഥിരീകരിച്ചു. വാര്‍ത്ത നിഷേധിക്കാൻ ആന്‍റണി രാജു തയാറായില്ല എന്നതും ശ്രദ്ധേയമാണ്.