കേരളം

kerala

By ETV Bharat Kerala Team

Published : 5 hours ago

ETV Bharat / state

'സഹോദരനെ കാത്തിരുന്നത് 56 വർഷം': തോമസിനെ കണ്ടെത്തിയ സൈന്യത്തോട് കടപ്പാടുണ്ടെന്ന് ബന്ധുക്കൾ - Thomas Cherian Family Response

നീണ്ട 56 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം കണ്ടെത്തി. 1968ലെ വിമാനപകടത്തിലാണ് തോമസ് ചെറിയാനെ കാണാതാകുന്നത്. അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് ഓർത്തെടുത്ത് സഹോദരൻ.

BODY OF A MALAYALI SOLDIER FOUND  മലയാളി സൈനികന്‍റെ മൃതദേഹം കണ്ടെത്തി  SOLDIER BODY FOUND AFTER 56 YEARS  1968 PLANE CRASH
Thomas Varghese, Shaiju K Mathew (ETV Bharat)

പത്തനംതിട്ട: ഇലന്തൂരിലെ ഒടാലില്‍ വീട്ടില്‍ അമ്പത്തിയാറ് വര്‍ഷത്തിനു ശേഷം സന്തോഷവും സങ്കടവും ഒരു പോലെ അലയടിക്കുകയാണ്. ഈ വീട്ടില്‍ നിന്ന് ഒരു സൈനികനുണ്ടായിരുന്നു. വ്യോമസേനയില്‍ ക്രാഫ്റ്റ്സ് മാനായിരുന്ന തോമസ് ചെറിയാന്‍.

ഗൃഹനാഥന്‍ ഒ എം തോമസിന്‍റെ അഞ്ച് മക്കളില്‍ രണ്ടാമനായിരുന്നു തോമസ് ചെറിയാന്‍. സൈനിക സേവനത്തിനിടെ 1968 ല്‍ വ്യോമ സേനാ വിമാനം തകര്‍ന്ന് കാണാതായവരുടെ കൂട്ടത്തില്‍ തോമസ് ചെറിയാനുമുണ്ടെന്ന് അന്ന് വീട്ടുകാര്‍ക്ക് സൈന്യത്തില്‍ നിന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു. തുടർന്ന് നീണ്ട 56 വര്‍ഷം ഈ കുടുംബം കാത്തിരിക്കുകയായിരുന്നു.

Thomas Cherian Family Response (ETV Bharat)

കാണാതായ സഹോദരന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു അനിയന്‍മാര്‍ക്ക്. സഹോദരങ്ങളില്‍ മൂത്തയാള്‍ തോമസ് മാത്യു ഇന്ന് ജീവിച്ചിരിപ്പില്ല. തോമസ് ചെറിയാന്‍റെ ഇളയ സഹോദരന്‍ തോമസ് വര്‍ഗീസും മൂത്ത സഹോദരന്‍ തോമസ് മാത്യുവിന്‍റെ മകന്‍ ഷൈജു കെ മാത്യുവും ഒടാലില്‍ വീട്ടിലുണ്ട്.

അര നൂറ്റാണ്ട് നീണ്ട തിരച്ചിലിനൊടുവില്‍ തോമസ് ചെറിയാന്‍റെ മൃതദേഹം കണ്ടെത്തിയെന്ന് അറിയിപ്പ് കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് കിട്ടിയത്. ഇനി ഈ കുടുംബത്തിന്‍റെ കാത്തിരിപ്പ് തങ്ങളുടെ പ്രിയപ്പെട്ടവന്‍റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനു വേണ്ടിയാണ്.

വിമാന ദുരന്തത്തില്‍ തോമസ് ചെറിയാനെ കാണാതാവുമ്പോള്‍ ഇളയ സഹോദരന്‍ തോമസ് വര്‍ഗീസിന് പ്രായം എട്ടു വയസാണ്. അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് തെളിവായി ഒന്നും കയ്യിലില്ലെങ്കിലും തോമസ് വര്‍ഗീസ് ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.

1968 ഫെബ്രുവരി 7നാണ് വിമാനം കാണാതായെന്ന് പറഞ്ഞ് ആദ്യത്തെ ടെലഗ്രാം വരുന്നതെന്ന് തോമസ് വർഗീസ് പറഞ്ഞു. പിന്നീട് 2003 ൽ വിമാനം അപകടത്തിൽപെട്ടതാണെന്നും അധികൃതർ അറിയിച്ചിരുന്നു. മാത്രമല്ല അപകടത്തിൽപെട്ട വിമാനം കണ്ടെത്തിയെന്നും അതിൽ നിന്ന് മൃതദേഹങ്ങൾ ലഭിച്ചെന്ന് അവർ അറിയിച്ചതായി തോമസ് വർഗീസ് വ്യക്തമാക്കി.

അതേസമയം തോമസ് ചെറിയാനെ കുറിച്ച് തിരക്കുന്നുണ്ടെന്നും അവർ അറിയിച്ചിരുന്നു. അദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ അറിയിക്കാമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ 2004ന് ശേഷം ഒരു അറിയിപ്പും ഉണ്ടായിരുന്നില്ലെന്നും തോമസ് വർഗീസ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇന്നലെ (സെപ്‌റ്റംബർ 30) വൈകിട്ടാണ് ആറന്മുള പൊലീസ് തോമസ് ചെറിയാൻ ആരാണെന്ന് അന്വേഷിച്ച് എത്തിയത്. പിന്നീട് ഇവിടെ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം അവർ മടങ്ങിയെന്നും തോമസ് വർഗീസ് കൂട്ടിച്ചേർത്തു.

ഇത്രയും കാലത്തിന് ശേഷം അദ്ദേഹത്തിന്‍റെ മൃതദേഹം ലഭിച്ചപ്പോൾ സങ്കടവും അതുപോലെ സന്തോഷവുമാണ് തോന്നുന്നത്. ബോഡിയെങ്കിലും കിട്ടിയല്ലോ എന്നുള്ള സമാധാനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അധികൃതർ അറിയിക്കുന്നതനുസരിച്ച് തോമസ് ചെറിയാന്‍റെ മൃതദേഹം ഏറ്റെടുക്കണമെന്നും അത് കുടുംബ കല്ലറയിൽ അടക്കം ചെയ്യണമെന്നും തോമസ് വർഗീസ് വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ആറന്മുള എസ്‌എച്ച്ഒ ഇവിടെ വന്ന് തോമസ് ചെറിയാൻ ആരാണെന്ന് അന്വേഷിച്ചതെന്ന് ഷൈജു കെ മാത്യൂ പറഞ്ഞു. ഇവിടെ വന്ന് വിവരങ്ങൾ ചോദിച്ചുവെന്നും നമ്മുടെ നമ്പറും അഡ്രസും വാങ്ങി അത് മിലിട്ടറിക്ക് കൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നീട് മിലിട്ടറിയിൽ നിന്നും തോമസ് ചെറിയാന്‍റെ മൃതദേഹം കണ്ടെത്തിയെന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിക്കുകയായിരുന്നു. താൻ അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും പറഞ്ഞ് കേട്ടുള്ള അറിവ് മാത്രമേയുള്ളുവെന്നും ഷൈജു വ്യക്തമാക്കി. അദ്ദേഹം തിരിച്ചുവരുമെന്ന ഒരു പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഗവൺമെന്‍റും സൈനികരും ഇത്രയും കാലം ഇതിനെ കുറിച്ച് അന്വേഷിക്കുക എന്ന് പറഞ്ഞാൽ അത് ഒരു വലിയ കാര്യം തന്നെയാണ്. അതിന് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുമെന്നും ഷൈജു കെ മാത്യൂ കൂട്ടിച്ചേർത്തു.

അതേസമയം തോമസ് ചെറിയാനൊപ്പം ക്രാഫ്‌റ്റ്‌സ്‌മാനാനായിരുന്ന കെപി പണിക്കര്‍, കോട്ടയം ഇത്തിത്താനം സ്വദേശി കെകെ രാജപ്പന്‍, ആര്‍മി സര്‍വീസ് കോറിലെ എസ് ഭാസ്‌കരന്‍ പിള്ള, മെഡിക്കല്‍ കോറിലുണ്ടായിരുന്ന റാന്നി സ്വദേശി പിഎസ് ജോസഫ് എന്നിവരും എഎന്‍ 12 എയര്‍ ഫോഴ്‌സ് വിമാന ദുരന്തത്തില്‍ കാണാതായിരുന്നു.

ഹിമാചല്‍ പ്രദേശിലെ റോഹ്താങ്ങ് പാസിലെ മഞ്ഞ് മലയില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് തിരിച്ചറിഞ്ഞത്. മല്‍ഖാന്‍ സിങ്ങ്, നാരായണ്‍ സിങ്ങ്, തോമസ് ചെറിയാന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിയാനായത്. നാലാമത്തെ മൃതദേഹം പത്തനംതിട്ടയില്‍ നിന്ന് തന്നെ കാണാതായ സൈനികന്‍റേതാകാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Also Read:56 വർഷം മുൻപ് വിമാനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം കണ്ടെത്തി; അന്ന് കാണാതായവരില്‍ വേറെയും മലയാളികള്‍

ABOUT THE AUTHOR

...view details