കേരളം

kerala

ETV Bharat / state

തിരുവോണം ബമ്പര്‍ വില്‍പ്പന തകര്‍ക്കുന്നു; ബമ്പറടിച്ചാല്‍ നമുക്കെത്ര, സര്‍ക്കാരിനെത്ര? - TAX CUTS ON LOTTERY PRIZE MONEY

2024 തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് വിൽപ്പന തകൃതിയായി നടക്കുന്നു.ലോട്ടറിയടിച്ചാല്‍ സമ്മാനത്തുകയുടെ എത്ര ശതമാനം ലഭിക്കുമെന്ന് ടിക്കറ്റെടുത്ത പലർക്കും സംശയമുണ്ട്.നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ

ONAM BUMPER LOTTERY PRIZE MONEY  THIRUVONAM BUMPER PRIZE MONEY  ഓണം ബമ്പർ സമ്മാന തുക  ഓണം ബമ്പർ ഒന്നാം സമ്മാനം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 11, 2024, 8:34 PM IST

Updated : Sep 11, 2024, 8:42 PM IST

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ സംസ്ഥാനത്ത് ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്. 25 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന തിരുവോണം ബമ്പര്‍ ഇത്തവണ നിരവധി കോടിപതികളെ സൃഷ്‌ടിക്കും. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനങ്ങളും തിരുവോണം ബമ്പര്‍ വാഗ്‌ദാനം ചെയ്യുന്നു.

രണ്ടരക്കോടി രൂപ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ ഏജന്‍സിക്ക് കമ്മിഷനായും ലഭിക്കും. 50 ലക്ഷം രൂപയുടെ 20 മൂന്നാം സമ്മാനങ്ങളും ഉണ്ട്. ഒക്ടോബര്‍ 9 ന് രണ്ടര മണിക്ക് നറുക്കെടുക്കുന്ന ബി ആര്‍ 99 തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 500 രൂപയാണ്.

  • ലോട്ടറിയടിച്ചാല്‍ വിജയിക്ക് കിട്ടുക

പക്ഷേ വാഗ്‌ദാനം ചെയ്യുന്ന തുക മുഴുവനായും ഭാഗ്യക്കുറി വിജയികള്‍ക്ക് ലഭിക്കില്ല. ആദായനികുതി വിഹിതവും സര്‍ചാര്‍ജും കഴിച്ചുള്ള തുകയാണ് വിജയികള്‍ക്ക് ലഭിക്കുകയെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. എന്നാല്‍ ഇതിനു പുറമേയാണ് ഏജന്‍റ് കമ്മിഷന്‍. തിരുവോണം ബംപർ ലോട്ടറി വാഗ്‌ദാനം ചെയ്യുന്ന ഒന്നാം സമ്മാനം 25 കോടി രൂപയാണ്. അതിലെ ഏജന്‍റ് കമ്മിഷനായ പത്ത് ശതമാനം ഓണം ബമ്പറിന്‍റെ കാര്യത്തില്‍ രണ്ടര കോടി രൂപ വരും.

ഒന്നാം സമ്മാനത്തുകയായ 25 കോടിയില്‍ ഏജന്‍റ് കമ്മിഷൻ കഴിച്ചുള്ള ഇരുപത്തിരണ്ടര കോടി രൂപയാണ് യഥാര്‍ഥത്തില്‍ ഭാഗ്യവാന് ലഭിക്കേണ്ട സമ്മാനത്തുക. എന്നാല്‍ ഈ തുകയില്‍ നിന്നാണ് ആദായ നികുതി കണക്കാക്കുക. 10 ലക്ഷത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നവര്‍ അടക്കേണ്ട ആദായ നികുതി 30 ശതമാനമാണ്. ആദായനികുതി 30 ശതമാനം കൂടി ലോട്ടറി വകുപ്പ് നേരിട്ട് ആദായ നികുതിയിനത്തില്‍ അടക്കും. ഇങ്ങിനെ ആറു കോടി എഴുപത്തഞ്ച് ലക്ഷം രൂപയാണ് ടി ഡി എസ് ഇനത്തില്‍ കുറയ്ക്കുക. ബാക്കി വരുന്ന 15 കോടി എഴുപത്തഞ്ച് ലക്ഷവും നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കില്ല.

50 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ ആദായ നികുതി നിയമ പ്രകാരം സര്‍ചാര്‍ജ് അടക്കാന്‍ ബാധ്യസ്ഥരാണ്. അതും വരുമാന സ്ലാബുകളനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 50 ലക്ഷം മുതല്‍- 1കോടി വരെ 10 ശതമാനവും 1 കോടി മുതല്‍ 2 കോടി വരെ 15 ശതമാനവും 2 കോടി മുതല്‍ 5 കോടി വരെ 25 ശതമാനവും 5 കോടിക്ക് മുകളില്‍ 37 ശതമാനവുമാണ് സര്‍ചാര്‍ജ്. ഇവിടെ സമ്മാനത്തുക 15 കോടിക്കുമേലെയായതിനാല്‍ വിജയിയുടെ പേരില്‍ ഒടുക്കേണ്ടി വരുന്ന സര്‍ചാര്‍ജ് 37 ശതമാനമാണ്. ഏതാണ്ട് രണ്ടര കോടി രൂപ സര്‍ചാര്‍ജ് ഇനത്തില്‍ പിടിക്കും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇതിനു പുറമേ ഹെല്‍ത്ത് ആന്‍ഡ് എജുക്കേഷന്‍ സെസ് ഇനത്തില്‍ 4 ശതമാനം കൂടി അടക്കുമ്പോള്‍ സമ്മാനത്തുകയില്‍ നിന്ന് 37 ലക്ഷത്തോളം വീണ്ടും കുറയും. അതായത് ഏജന്‍റ്സ് കമ്മിഷന്‍ കഴിഞ്ഞ് ഒന്നാം സമ്മാന വിജയിക്ക് കിട്ടേണ്ട 22.5 കോടിയില്‍ നിന്ന് വിവിധ ഇനങ്ങളിലായി 9 കോടി അറുപത്തൊന്ന് ലക്ഷത്തി എഴുപത്തിനാലായിരം രൂപ കൂടി പിടിക്കും. എല്ലാം കഴിഞ്ഞ് ജേതാവിന് കിട്ടുക 12 കോടി എണ്‍പത്തിയെട്ട് ലക്ഷത്തി ഇരുപത്താറായിരം കോടി രൂപയാണ്. ലോട്ടറി അടിച്ചു കിട്ടിയ പണം കൊണ്ട് നേടുന്ന പലിശ വരുമാനത്തിന് പിന്നീട് വരുന്ന വര്‍ഷങ്ങളിലും നികുതി വരും.

ഒന്നാം സമ്മാനത്തുക 25 കോടി
ഏജന്‍റ് കമ്മിഷന്‍ (10 ശതമാനം)- 2.5 കോടി രൂപ
ടിഡി എസ് (30 ശതമാനം)- 6.75 കോടി രൂപ
സര്‍ചാര്‍ജ് (37 ശതമാനം)- 24975000 രൂപ
ഹെല്‍ത്ത് ആന്‍ഡ് എജുക്കേഷന്‍ സെസ് (4 ശതമാനം)- 3699000 രൂപ
ആകെ നികുതിയിനത്തില്‍ കിഴിക്കുന്നത് 96174000 രൂപ

സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്തുക കോടികള്‍

കഴിഞ്ഞ വര്‍ഷത്തെ സമ്മാനഘടന മാറ്റാതെയാണ് സര്‍ക്കാര്‍ ഇത്തവണയും തിരുവോണം ബമ്പര്‍ ലോട്ടറി അവതരിപ്പിച്ചത്. ലോട്ടറി വകുപ്പ് അച്ചടിച്ചിറക്കിയിരിക്കുന്നത് 90 ലക്ഷം ബമ്പര്‍ ടിക്കറ്റുകളാണ്. ശരാശരി കണക്ക് എടുത്താല്‍ നാലു മലയാളികളിലൊരാള്‍ തിരുവോണം ബമ്പര്‍ എടുക്കും.

അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളുടെയും മൂല്യം 351 കോടി 56 ലക്ഷത്തി എഴുപതിനായിരം രൂപയാണ്. പക്ഷേ 90 ലക്ഷം ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുമ്പോള്‍ ആകെ അഞ്ച് ലക്ഷത്തി മുപ്പത്തിനാലായിരത്തി അറുന്നൂറ്റിയെഴുപത് പേര്‍ക്ക് മാത്രമാണ് നറുക്കെടുപ്പില്‍ ഏതെങ്കിലും സമ്മാനം നേടാന്‍ കഴിയുക.

ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം. ഏജന്‍റ്സ് കമ്മിഷന്‍ 12 കോടി 55 ലക്ഷത്തി നാല്‍പ്പതിനായിരം. മുഴുവന്‍ ടിക്കറ്റും വിറ്റുപോയാല്‍ സര്‍ക്കാരിന് കിട്ടുന്ന ലാഭം 213 കോടി 46 ലക്ഷത്തി അറുപതിനായിരം രൂപയാണ്. ലോട്ടറി ടിക്കറ്റിന് ഈടാക്കുന്നത് 500 രൂപയാണെങ്കിലും യഥാര്‍ഥ വില 390 രൂപ 63 പൈസയാണ്. ബാക്കി വരുന്ന 109 രൂപ 37 പൈസ (28 ശതമാനം) ജി എസ് ടിയാണ്. അച്ചടിക്കുന്ന 90 ലക്ഷം ടിക്കറ്റില്‍ നിന്ന് ഖജനാവിലേക്കെത്തുന്ന ജി എസ് ടി 98 കോടി 43 ലക്ഷത്തി മുപ്പതിനായിരം രൂപയാണ്. വില്‍പ്പന ഘട്ടത്തിലെ ലാഭം ഇതാണെങ്കില്‍ നറുക്കെടുപ്പിന് ശേഷവും ഖജനാവില്‍ പണം എത്തും.

ഒന്നാം സമ്മാന ജേതാവില്‍ നിന്ന് 9 കോടി 61ലക്ഷത്തി 74000 രൂപ ആകെ നികുതിയിനത്തില്‍ കിഴിക്കുന്നതു പോലെ ആനുപാതികമായി വരുമാന സ്ലാബ് അടിസ്ഥാനമാക്കി ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം നേടിയ 20 വിജയികളില്‍ നിന്നും നികുതിയും സര്‍ചാര്‍ജും ഈടാക്കും. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ ഏജന്‍സിക്ക് ലഭിക്കുന്ന 2.5 കോടില്‍ നിന്നും ഇതു പോലെ നികുതി ഈടാക്കും. ആദായനികുതി നിയമപ്രകാരം ലോട്ടറിയില്‍ നിന്ന് ലഭിക്കുന്ന പതിനായിരം രൂപയ്‌ക്ക് മേലുള്ള സമ്മാനത്തുകകളൊക്കെ നികുതിക്ക് വിധേയമാണ്. ഇങ്ങിനെ ബംമ്പര്‍ സമ്മാനമടിച്ചവരില്‍ നിന്നും ഏജന്‍റുമാരില്‍ നിന്നും മാത്രം 12 കോടിയിലേറെ രൂപ നികുതി ഇനത്തില്‍ സര്‍ക്കാരിന് കിട്ടും.

Also Read : ഷെയറിട്ട് ഓണം ബമ്പര്‍ എടുത്തോ? സമ്മാനത്തുക ലഭിക്കാന്‍ ഇക്കാര്യം കൂടി ഓര്‍ത്തോളൂ - Thiruvonam Bumper Kerala Lottery

Last Updated : Sep 11, 2024, 8:42 PM IST

ABOUT THE AUTHOR

...view details