കാസർകോട് :പുരുഷന്മാരുടെ തിരുവാതിരക്കളി പുതുമ ഉള്ളതല്ല. പല പരിപാടികളിലും ഹാസ്യ രൂപേണ തിരുവാതിരക്കളി കാണാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്‌തമാണ് 'സഹ്യസാനു ജെന്‍റ്സ് തിരുവാതിര ടീം.' ഗണിപതി സ്‌തുതിയിൽ തുടങ്ങി സരസ്വതി സ്‌തുതി, പദം, കുമ്മി, കുറത്തി, വഞ്ചി, മംഗളം എന്നീ ഘടകങ്ങളോടെ തനതായ ചിട്ടവട്ടത്തിലുള്ള തിരുവാതിരക്കളിയാണ് ഇവർ അവതരിപ്പിക്കുന്നത്.
തനിമ ഒട്ടും ചോരാതെ ആണ് ഈ തിരുവാതിരക്കളി. കത്തിച്ചുവച്ച നിലവിളക്കിനു ചുറ്റും കൈകൊട്ടി ചുവടുവയ്‌ക്കുന്നത് അംഗനമാർക്ക് പകരം പുരുഷന്മാരാണ് എന്ന വ്യത്യാസം മാത്രം. തിരുവാതിരയുടെ താളച്ചുവടുകളും അംഗവടിവുകളുമെല്ലാം അതേ പടിയിൽ തന്നെ ഇവർ അവതരിപ്പിക്കുന്നു.
വർഷങ്ങളായി നൃത്തവേദികളിൽ സജീവമായ ഒരുകൂട്ടം നൃത്താധ്യാപകർക്ക് തിരുവാതിരക്കളി പഠിക്കാനൊരു മോഹമുണ്ടായി. ആദ്യം ടീമുണ്ടാക്കി. ജൂലൈ മുതൽ മോഹനൻ പനക്കാടിന്‍റെ കീഴിൽ പഠനം.
സഹ്യസാനു ജെന്‍റ്സ് ടീമിന്‍റെ തിരുവാതിര (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ അരങ്ങേറ്റത്തിനു ശേഷം പല ക്ഷേത്രങ്ങളിലും ക്ലബുകളിലും തിരുവാതിരക്കളി അവതരിപ്പിച്ചു. ജനുവരിയിൽ ഗുരുവായൂരിലും തിരുവാതിര അവതരിപ്പിക്കും. തിരുവാതിര കഴിഞ്ഞാൽ ആദ്യം കയ്യടിക്കുന്നതും സ്ത്രീകൾ ആണ്.
സ്ത്രീകൾ മികച്ചതെന്ന് പറയുന്നത് അംഗീകാരമായി കാണുന്നുവെന്ന് ഇവർ പറയുന്നു. തിരുവാതിരക്കളിയിൽ പുരുഷന്മാരുടെ വസ്ത്രധാരണത്തിൽ പ്രത്യേകതകളില്ല. മുണ്ടും കുർത്തയുമാണ് വേഷം. മോഹനൻ പനക്കാട്, രാജ്‌കുമാർ രാജ്‌ഗിരി, സതീഷ് ചുഴലി, ഷിജിത്ത് വൈക്കത്ത്, ബാബുരാജ് മൊറാഴ, ജയപ്രകാശ് വെള്ളൂർ, സിനിൽ മാതമംഗലം, യൂസഫ് ചെറുവത്തൂർ, രമ്യേഷ് വെള്ളൂർ, ഷാജി മാട്ടൂൽ എന്നിവരാണ് ടീം അംഗങ്ങൾ. ഉത്തര കേരളത്തിൽ തെയ്യക്കാലം എത്തിയതോടെ വേദികളിൽ നിന്നും വേദികളിലേക്ക് തിരുവാതിരക്കളിയുമായി എത്തുകയാണ് ഇവർ.
Also Read: പങ്കെടുത്തവര്‍ ആദ്യമായി കണ്ടത് പരിപാടി ദിനത്തില്‍; സായിപ്പന്‍മാരെ ഞെട്ടിച്ച് മലയാളികളുടെ മെഗാ തിരുവാതിര