കോട്ടയം :കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷന്‍. കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാന്‍ തുടരണമെന്ന ആശംസയ്ക്ക് പിന്നാലെയാണ് തിരുവഞ്ചൂർ ഇക്കാര്യം വീണ്ടും ഇന്ന് ആവർത്തിച്ചത്. കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാന്‍ തുടരണമെന്ന് കോട്ടയം സൂര്യകാലടി മനയിലെ വിനായക ചതുര്‍ഥി സമാരംഭ സഭ ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എ കൂടിയായ തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.
പൊതു സമൂഹത്തിന് സമ്മതനായ വ്യക്തി എന്ന നിലയിൽ അദ്ദേഹത്തോടുള്ള താത്പര്യം തുറന്ന് പറഞ്ഞതാണെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. 'ചില കാര്യങ്ങളിൽ ഞങ്ങൾക്ക് അദ്ദേഹത്തോട് വിയോജിപ്പുണ്ട്. ചില വിഷയങ്ങളിൽ യോജിപ്പുമുണ്ട്. സർവകലാശാലയിൽ അദ്ദേഹം കൊണ്ടു വന്ന നടപടികൾ നടത്താനായില്ല. എങ്കിലും അത് അഭിനന്ദനം അർഹിക്കുന്ന നടപടിയായി കാണുന്നു'വെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഗവർണർ തുടരണമോ വേണ്ടയോ എന്ന് രാഷ്ട്രപതിയാണ് തിരുമാനിക്കുന്നത്. പൊതു കാര്യങ്ങളിൽ ഇടപെടുന്ന വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും തിരുവഞ്ചൂർ പറഞ്ഞു. ഇന്നലെ കോട്ടയം സൂര്യകാലടി മനയിൽ ഗവർണർ പങ്കെടുത്ത പരിപാടിയുടെ വേദിയിലാണ് അഞ്ച് വർഷം കൂടി ഗവർണർ പദവിയിൽ അദ്ദേഹം തുടരട്ടേയെന്ന് തിരുവഞ്ചൂർ ആശംസിച്ചത്.