കേരളം

kerala

ETV Bharat / state

തിരുവല്ലം കസ്റ്റഡി മരണം; പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ സിബിഐ കുറ്റപത്രം അംഗീകരിച്ച് കോടതി - Thiruvallam custodial death

തിരുവല്ലം കസ്റ്റഡി മരണ കേസിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്

തിരുവല്ലം കസ്‌റ്റഡി മരണം  സിബിഐ കുറ്റപത്രം  Thiruvallam custodial death  CBI charge sheet
CBI against the police officers

By ETV Bharat Kerala Team

Published : Feb 19, 2024, 2:21 PM IST

തിരുവനന്തപുരം :തിരുവല്ലം പൊലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിൽ വച്ച് യുവാവ് മരിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവല്ലം മുൻ സിഐ സുരേഷ് വി നായർ, എസ്ഐ ബിപിൻ പ്രകാശ്, ഗ്രേഡ് എസ്ഐ സജീവ്, ഹോംഗാർഡ് ബിനു എന്നിവർക്കാണ് കോടതി സമൻസ് അയച്ചത്. അടുത്ത മാസം 21ന് ന് പ്രതികൾ കോടതിയിൽ ഹാജരാകണം (Court Accepted Charge Sheet Filed By The CBI Against Police Officers).

ഇന്ത്യൻ ശിക്ഷ നിയമത്തിലെ നരഹത്യ, തടഞ്ഞ് വയ്ക്കുക, തെളിവ് നശിപ്പിക്കൽ, മാരകമായി മർദിക്കുക തുടങ്ങി 304, 323, 324, 342, 201 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

നെല്ലിയോട് മേലേചരുവിള പുത്തൻവീട്ടിൽ സി പ്രഭാകരൻ്റെയും സുധയുടെയും മകൻ സുരേഷ് (40) മരിച്ച സംഭവത്തിലായിരുന്നു സിബിഐ അന്വേഷണം. തിരുവല്ലത്തെ ജഡ്‌ജിക്കുന്ന് സന്ദർശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ കസ്‌റ്റഡിയിലെടുത്തപ്പോഴാണ് സുരേഷ്‌ പൊലീസ്‌ മർദനമേറ്റ് മരിച്ചത്. കസ്റ്റഡി മർദനമാണെന്ന് വ്യക്തമായതോടെയാണ് അന്വേഷണം സിബിഐക്ക് വിട്ടത്. ഫെബ്രുവരി 28 നായിരുന്നു സുരേഷ്‌ മരിച്ചത്.

സിബിഐയുടെ കണ്ടെത്തലുകൾ ഇങ്ങനെ:ദമ്പതിമാരെ ആക്രമിച്ചെന്ന പരാതിയിൽ സുരേഷിനെയും ഒപ്പമുണ്ടായിരുന്ന നാലു പേരെയും പിടികൂടിയപ്പോൾത്തന്നെ പൊലീസ് മർദനം തുടങ്ങിയിരുന്നു. സിഐയും ഗ്രേഡ് എസ്ഐയും സുരേഷിനെ ക്രൂരമായി മർദിച്ചു. സിഐ സുരേഷ് വി നായർ സുരേഷിനെക്കൊണ്ട് 101 ഏത്തമിടീച്ചതിന് പുറമേ 50 തവളച്ചാട്ടവും 50 പുഷ്അപ്പും ചെയ്യിപ്പിച്ചു.

ചാടിക്കൊണ്ട് 50 വട്ടം ഇൻക്വിലാബ് സിന്ദാബാദ് വിളിപ്പിച്ചെന്നും കണ്ടെത്തി. മുട്ടുവളയാതെ 50 വട്ടം കൈ നിലത്ത് കുത്തിക്കുകയും ചെയ്‌തു. സിഐയുടെ ജീപ്പ് സ്‌റ്റേഷനിലുണ്ടായിരുന്നിട്ടും ആശുപത്രിയിലെത്തിച്ചില്ല. മറ്റൊരു സ്വകാര്യ വാഹനമെത്തിച്ച് ഏറെ വൈകി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സുരേഷ്‌ മരിച്ചിരുന്നു.

ABOUT THE AUTHOR

...view details