പത്തനംതിട്ട :നടൻ മോഹൻലാലിനെ അധിക്ഷേപിച്ച 'ചെകുത്താൻ' യൂട്യൂബ് ചാനല്‍ ഉടമ തിരുവല്ല സ്വദേശി അജു അലക്‌സിനെ അറസ്‌റ്റ് ചെയ്‌തതില്‍ പ്രതികരണവുമായി സിഐ സുനില്‍ കൃഷ്‌ണൻ. ടെറിട്ടോറിയല്‍ ആർമിയും ചെകുത്താനെതിരെ കേസിന് പോകുമെന്നാണ് അറിയുന്നതെന്നും മോഹൻലാല്‍ തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാല്‍ എന്ന വ്യക്തിയെ ആക്ഷേപിച്ചതില്‍ അല്ല സൈന്യത്തെ ആക്ഷേപിച്ചതില്‍ ആണ് വിഷമം എന്ന് മോഹൻലാല്‍ പറഞ്ഞതായി സിഐ സൂചിപ്പിച്ചു.
ഇങ്ങനെയുള്ള യൂട്യൂബര്‍മാരെ കടിഞ്ഞാൺ ഇടേണ്ടത് അത്യാവശ്യമാണ്. ശക്തമായ നടപടി എടുത്താൽ മാത്രമേ ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച കേസ് എടുത്ത വിവരം ഉന്നത ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. ശക്തമായ നടപടിയെടുക്കാനാണ് ഉന്നതതല നിര്‍ദേശമെന്നും സിഐ കൂട്ടിച്ചേർത്തു.
അജു അലക്‌സിന്‍റെ എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പൊലീസ് നിയമപരമായാണ് എല്ലാ നടപടിയും സ്വീകരിച്ചിട്ടുള്ളത്. തെളിവെടുപ്പിന്‍റെ ഭാഗമായാണ് വീട്ടില്‍ പോയത്. കേസുമായി ബന്ധപ്പെട്ട് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്, മോഹൻലാല്‍ അടക്കമുള്ളവരുടെ വിശദമായ മൊഴിയെടുത്ത് കോടതിയില്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പറഞ്ഞ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മോഹൻലാലിനെ കുറിച്ച് പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്നുമാണ് യൂട്യൂബര്‍ ചെകുത്താൻ എന്ന അജു അലക്‌സ് ജാമ്യത്തിലിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. മോഹൻലാല്‍ വയനാട്ടിലെ ദുരന്തമേഖലയില്‍ പോയത് ശരിയായില്ലെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും, ചെകുത്താൻ പേജുകളില്‍ അടക്കം ഇനിയും അഭിപ്രായങ്ങള്‍ തുറന്നു പറയുമെന്നും അജു അലക്‌സ് അറിയിച്ചു.
കേരളത്തില്‍ ഒരുപാട് പേര്‍ക്ക് മോഹൻലാല്‍ വയനാട്ടില്‍ പോയതിനെക്കുറിച്ച് ഇതേ അഭിപ്രായമുണ്ടെന്നും അജു അലക്‌സ് പറഞ്ഞു. എന്നാല്‍, താൻ ഉപയോഗിച്ച വാക്കുകള്‍ ശരിയായിരുന്നില്ല. പക്ഷേ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. മോഹൻലാലിനെതിരെ സൈന്യത്തിന് തന്നെ പരാതി നല്‍കുമെന്നും അജു വ്യക്തമാക്കി.