കോഴിക്കോട്:തിക്കോടി കടപ്പുറത്ത് തിരയിൽപെട്ട് കൂടെയുണ്ടായിരുന്ന നാല് പേർ മരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ രക്ഷപ്പെട്ട ജിൻസി. ജിൻസിയുൾപ്പെടെ 5 പേരാണ് കൈ കോർത്തുപിടിച്ച് കടലിലിറങ്ങിയത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഇപ്പോൾ ഇല്ല. ആ ദുരന്തത്തെ കുറിച്ച് വിറയലോടെ മുണ്ടേരി നെടുങ്ങോട് സ്വദേശിനി ജിൻസി (27) പറയുകയാണ്.
''ഞങ്ങൾ ഒന്നിച്ചാണ് കടലിലേക്ക് ഇറങ്ങിയത്.. സാധാരണ ഇറങ്ങുന്നത് പോലെ തന്നെയാണ് വെള്ളത്തിലേക്ക് ഇറങ്ങിയത്. കുറച്ച് മുന്നോട്ട് പോയപ്പോഴും കുഴപ്പമൊന്നും തോന്നിയില്ല. അപ്പോഴാണ് വലിയൊരു തിരയടിച്ചത്. എല്ലാരും വേർപെട്ട് പോയി. എത്ര നീന്തിയിട്ടും മുന്നോട്ട് കരയിലേക്ക് വരാൻ പറ്റിയില്ല. ആഴത്തിലേക്ക് താഴ്ന്ന് പോയി... അവര് വിളിക്കുന്നത് ഞാൻ കണ്ടിരുന്നു. ആരോ വന്നിട്ട് എന്നെ പിടിച്ചത് ഓർമ്മയുണ്ട്. പക്ഷേ അവരൊക്കെ പോയില്ലേ" സങ്കടം അടക്കാനാവാതെ ജിൻസി പറഞ്ഞു.
കോഴിക്കോട് തിക്കോടി കല്ലകത്ത് ബീച്ചിലാണ് ഞായറാഴ്‌ച 4 വിനോദസഞ്ചാരികൾ തിരയിൽപ്പെട്ടു മരിച്ചത്. വയനാട് കൽപ്പറ്റ സ്വദേശികളായ വാണി, അനീസ, വിനീഷ്, ഫൈസൽ എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട ജിൻസി ചികിത്സയിലാണ്. കൽപ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ 26 അംഗ സംഘമാണ് കടൽ കാണാനെത്തിയത്. ഇവരിൽ 5 പേർ കടലിൽ ഇറങ്ങുകയായിരുന്നു. തിരയിൽപെട്ടവരിൽ ജിൻസി അത്ഭുതകരമായി രക്ഷപ്പെട്ടു.
നാട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ രക്ഷാപ്രവർത്തനത്തിൽ 3 പേരെ കരയിൽ എത്തിച്ചു. ഒരു മണിക്കൂർ കഴിഞ്ഞാണ് നാലാമത്തെയാളെ കടലിലെ പാറയിൽ തങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. കടുക്കത്തൊഴിലാളികളായ പള്ളിപറമ്പ് ഷെഫിഖ്, അഴിയിട്ട വളപ്പിൽ കബീർ, അഴിയിട്ട വളപ്പിൽ റിയാസ്, സിറാജ് തട്ടാൻ്റവിട, ഹാരിസ് ചാലിൽ, കോട്ടവളപ്പിൽ സിദ്ദിഖ് എന്നിവരും സമീപവാസികളും ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.