ആലപ്പുഴ: തലവടിയിൽ വീണ്ടും മോഷണവും മോഷണ ശ്രമവും. ആൾത്താമസമില്ലാത്ത വീട്ടിലെ അലമാര കുത്തി തുറന്ന് നാലു പവൻ സ്വർണം കവർന്നു. തലവടി ആനപ്രമ്പാൽ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിലും സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിലുമാണ് മോഷണവും മോഷണ ശ്രമവും നടന്നത്.
വീടിൻ്റെ പ്രധാന വാതിൽ അരകല്ലിൻ്റെ കുഴവി ഉപയോഗിച്ച് ഇടിച്ച് തുറന്ന് അകത്തു കടന്ന മോഷ്ടാവ് അലമാര കുത്തി തുറന്നാണ് നാലു പവൻ സ്വർണം കവർന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടുകാർ മറ്റൊരിടത്താണ് താമസിക്കുന്നത്. മോഷണം നടന്ന തലേദിവസം വീട്ടുകാർ വീട് വൃത്തിയാക്കിയ ശേഷം പോയതാണ്.
ഇവാഞ്ചലിക്കൽ പള്ളിയുടെ പ്രധാന വാതിലിൻ്റെ പൂട്ട് തല്ലി തുറന്ന് അകത്തു കടന്ന മോഷ്ടാവ് മേശയും അലമാരയും കുത്തിതുറന്നിട്ട നിലയിലാണ്. പള്ളിയിൽ പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ സൂക്ഷിക്കാത്തതിനാൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പള്ളി അധിക്യതരും വീട്ടുകാരും എടത്വാ പൊലീസിൽ പരാതി നൽകി. ആലപ്പുഴയിൽ നിന്ന് വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സംഭസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.