തിരുവനന്തപുരം: യാത്രക്കാരെ വലച്ച് കെഎസ്ആർടിസിയുടെ റിസർവേഷൻ ഉള്ള സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇന്നലെ (17-03-2024) രാത്രി 10.10ന് തമ്പാനൂരിൽ നിന്നും കൊല്ലത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എസി ബസാണ് മുന്നറിയിപ്പൊന്നുമില്ലാതെ റദ്ദാക്കിയത്.
സംഭവത്തിൽ സിഎംഡി പ്രമോജ് ശങ്കറിന് യാത്രക്കാർ പരാതി നൽകി. യാത്രക്കാർ മുക്കാൽ മണിക്കൂറോളം ബസ് കാത്ത് നിന്ന ശേഷമാണ് യാതൊരു അറിയിപ്പുമില്ലാതെ സർവീസ് തന്നെ റദ്ദാക്കിയത്. യാത്രക്കാരാണ് യജമാനന്മാർ എന്ന പൊതുബോധം എല്ലാ ജീവനക്കാരിലും ഉണ്ടാകണമെന്നും മാന്യവും സുരക്ഷിതവുമായ യാത്ര ചെയ്യാൻ അവർക്ക് അവസരം സൃഷ്‌ടിക്കണമെന്നും ജീവനക്കാർക്കെഴുതിയ തുറന്ന കത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ നിർദേശം നൽകി തൊട്ടടുത്ത ദിവസമാണ് സംഭവം.
അതേസമയം സംഭവത്തിൽ കെഎസ്ആർടിസി അധികൃതരോട് യാത്രക്കാർ വിവരം തിരക്കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. തമ്പാനൂർ ഡിപ്പോയിൽ ബന്ധപ്പെട്ടപ്പോൾ കൊല്ലത്ത് ബന്ധപ്പെടാനും കൊല്ലത്ത് ബന്ധപ്പെട്ടപ്പോൾ തിരിച്ചുമായിരുന്നു മറുപടിയെന്നും യാത്രക്കാർ പറയുന്നു.
അതേസമയം ഗണേഷ് കുമാർ ജീവനക്കാർക്ക് എഴുതിയ കത്തിൽ രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകളിൽ സൂപ്പർഫാസ്‌റ്റുകളും അതിന് താഴെ ശ്രേണിയിലുള്ള ബസുകളും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിർത്തിക്കൊടുക്കണമെന്ന് പറയുന്നുണ്ട്. ഒരു യാത്രക്കാരൻ മാത്രമേ ഉള്ളുവെങ്കിൽപ്പോലും കൈ കാണിച്ചാൽ ബസ് നിർത്തി കൊടുക്കണമെന്നും ബസുകളാണ് കെഎസ്ആർടിസിയുടെ മുഖമുദ്ര, അവ കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കണമെന്നും പറയുന്നു.
ALSO READ:യാത്രക്കാരാണ് യജമാനന്മാർ, ഒരാള്‍ കൈ കാണിച്ചാലും ബസ് നിര്‍ത്തണം : കെബി ഗണേഷ് കുമാർ