കാസർകോട്: കാഞ്ഞങ്ങാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശി പിഎ സലീമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. മോഷണമായിരുന്നു ലക്ഷ്യം. മോഷണത്തിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തുകൊണ്ടു പോവുകയായിരുന്നുവെന്നും സലീം പൊലീസിനോട് പറഞ്ഞതായാണ് വിവരം.
അതേസമയം, പ്രതി പിടിയിലായത് ആന്ധ്രാപ്രദേശിലെ അഡോണി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ്. ഇവിടെ നിന്ന് കർണാടകയിലേക്ക് പോകാനായിരുന്നു പദ്ധതി. ഏഴ് വ്യത്യസ്‌ത ഫോണിൽ നിന്ന് പ്രതി ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു. മദ്യപിച്ച് വഴിയിൽ കിടന്നയാളിന്‍റെ ഫോണിൽ നിന്നാണ് ആദ്യം വീട്ടിലേക്ക് വിളിച്ചത്.
കൃത്യം നടന്ന ദിവസവും ഇന്നലെ പിടിയിലായ ദിവസവും ധരിച്ചത് ഒരേ വസ്ത്രമാണ്. കർണാടകയിലെ റായ്‌ചൂരിലുള്ള പെൺ സുഹൃത്തിന്‍റെ അരികിലേക്ക് പോകാനായിരുന്നു പ്രതിയുടെ പദ്ധതി. ഇതിനിടയിലാണ് പിടിയിലാകുന്നത്. ഇന്നലെ രാത്രിയാണ് സലീമിനെ ആന്ധ്രാപ്രദേശിൽ നിന്നും കാസർകോട് എത്തിച്ചത്.