മോഷണം നടന്ന തൃശൂർ കൊടകര പൂനിലാർക്കാവ് ദേവീക്ഷേത്രം (ETV Bharat) തൃശൂർ:കൊടകര പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ മോഷണം. സ്‌റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം പൂശിയ കോലവും സ്വർണ്ണമാലയും കവർന്നു. സംഭവത്തിൽ കൊടകര പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ ക്ഷേത്രത്തിൽ പൂജയ്ക്കായെത്തിയ ശാന്തിയാണ് മോഷണവിവരം അറിയുന്നത്. പിന്നാലെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ക്ഷേത്ര നടപ്പന്തലിൽ ഉള്ള ഭണ്ഡാരത്തിൻ്റെ താഴ് തകർത്ത് മോഷണം നടത്തിയ മോഷ്‌ടാവ് ചുറ്റമ്പലത്തിൻ്റെ വാതിൽ തകർത്താണ് അകത്തു കടന്നത്. ഗോപുരത്തിനോട് ചേർന്നുള്ള സ്‌റ്റോറൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം പൂശിയ കോലവും അതിൽ അണിഞ്ഞിരുന്ന സ്വർണ്ണമാലയും മോഷ്‌ടാവ് കവർന്നു.
ശ്രീകോവിലിൻ്റെ മുൻവശത്തുള്ള രണ്ട് ഭണ്ഡാരവും തകർത്ത് പണം കവർന്നു. ശ്രീകോവിലിൻ്റെ വാതിലും തകർത്ത നിലയിലാണ്. കൂടാതെ ക്ഷേത്രത്തിലെ ഉപദേവതകളുടെ അടക്കം 5 ഭണ്ഡാരങ്ങൾ തകർക്കുകയും മോഷണം നടത്തുകയും ചെയ്‌തിട്ടുണ്ട്. ഒരു ഭണ്ഡാരം തകർക്കാനുള്ള ശ്രമവും നടത്തി.
ശേഷം സിസിടിവിയുടെ ഡിവിആർ അടക്കം കവർന്നാണ് മോഷ്‌ടാവ് കടന്നു കളഞ്ഞത്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്‌ടം വന്നതായാണ് പ്രാഥമിക വിവരം. കൊടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് മോഷ്‌ടാവിനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
Also Read :മോഷണം പോയ കാര്‍ റോഡില്‍ കണ്ടു; ബോണറ്റിലേക്ക് ചാടിക്കയറി ഉടമയുടെ സാഹസിക യാത്ര