എറണാകുളം: വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിച് സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് കേരള സ്‌റ്റോറി. ആദ ശർമ, യോഗിത ബിഹാനി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം 2023 മെയിലാണ് പ്രദർശനത്തിന് എത്തിയത്. ചിത്രത്തിന്‍റെ ആദ്യ വിവരങ്ങൾ പുറത്തുവന്നത് മുതൽ കേരളത്തിലും രാജ്യത്തുടനീളവും ചിത്രത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നുകേട്ടത്.
ഒറ്റപ്പെട്ടതും, അടിസ്ഥാനരഹിതവുമായ ആശയങ്ങളെ മുൻനിർത്തി ചില രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടി സംസാരിക്കുന്ന ചിത്രം എന്നായിരുന്നു ഭൂരിഭാഗം നിരൂപകരുടെയും അഭിപ്രായം. ചിത്രം കേരളത്തിൽ റിലീസ് ചെയ്യില്ല എന്ന തീരുമാനത്തോടെ ഒരു തീയേറ്റർ സംഘടനയും അക്കാലത്ത് രംഗത്തെത്തിയിരുന്നു.
നിയമാനുസൃതമായി പ്രദർശനാനുമതി നേടിയ ചിത്രത്തിന് എന്തിനു തടയിടുന്നു എന്നുള്ള ചോദ്യമാണ് അണിയറ പ്രവർത്തകർ ഉന്നയിച്ചത്. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില തിയേറ്റർ സംഘടനകൾ സിനിമ ബഹിഷ്‌കരിച്ചിരുന്നു. വലിയ ഭൂകമ്പം സൃഷ്‌ടിച്ച് റിലീസ് ചെയ്‌ത ചിത്രം എന്നാൽ തിയേറ്ററുകളിൽ നിന്ന് ഭേദപ്പെട്ട പ്രതികരണം നേടി.
ഊതി പെരുപ്പിച്ച കളക്ഷൻ റിപ്പോർട്ടുകൾ ആയിരുന്നു ചിത്രത്തിന് ലഭിക്കുന്നതെന്ന് ട്വിറ്ററിലൂടെ അക്കാലത്ത് ഒരു ക്യാമ്പെയിനും നടക്കുകയുണ്ടായി. ചിത്രം ഒടിടിയിലൂടെ പ്രദർശനം ആരംഭിച്ച ശേഷം അഭിനേതാക്കളുടെ പ്രകടനത്തിനടക്കം വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. കേരളത്തിന്‍റെ മതസൗഹാർദ്ദത്തെ മാത്രമല്ല, ഭാഷയെയും വികലമായി ഉപയോഗിച്ച് എല്ലാ അർത്ഥത്തിലുമുള്ള പരിഹാസ സൃഷ്‌ടി എന്നായിരുന്നു സൈബർ നിരൂപകരുടെ അഭിപ്രായം. ആവിഷ്‌കാരത്തിൽ അപാകതകളുള്ള ചിത്രത്തിന്‍റെ ആശയത്തിനെ ഗൗരവ സ്വഭാവത്തോടുകൂടി കാണേണ്ടതില്ല എന്നും സോഷ്യൽ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.
കേരള സ്‌റ്റോറിയുടെ പുകപടലങ്ങൾ കെട്ടടങ്ങി നില്‍ക്കവെയാണ് ദൂരദർശനിലൂടെ ഇന്നു വൈകുന്നേരം എട്ടുമണിക്ക് (5 ഏപ്രിൽ 2024) ചിത്രം സംപ്രേക്ഷണം ചെയ്യുന്നു എന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നത്. ഇത് ഈ സിനിമയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും പുനരാരംഭിക്കുന്നതിന് കാരണമായി.