കേരളം

kerala

ETV Bharat / state

കാഴ്‌ച പരിമിതിയുള്ള അച്ഛനും നട്ടെല്ലിന് ക്ഷതമേറ്റ അമ്മയും! ഇവര്‍ക്കൊപ്പമിനി സുരക്ഷിതമായി അന്തിയുറങ്ങാം, 16കാരിക്ക് സ്‌നേഹ ഭവനമൊരുക്കി നാട് - TEACHERS PREPARED HOME FOR STUDENT

വീടില്ലാത്ത 16കാരിക്ക് വീടൊരുക്കി അധ്യാപകരും കൂട്ടുകാരും. സഹായ ഹസ്‌തങ്ങളുമായി നാടും ഒന്നിച്ചു. ഇനി അച്ഛനും അമ്മയ്‌ക്കുമൊപ്പം സമാധാനമായി അന്തിയുറങ്ങാം.

Snehabhavanam For Plus One Student  വിദ്യാര്‍ഥിക്ക് സ്‌നേഹ ഭവനം ഒരുക്കി  കോഴിക്കോട് സ്‌നേഹ ഭവനം  Home For Plus One Student
Snehabhavanam (ETV Bharat)

By ETV Bharat Kerala Team

Published : Dec 6, 2024, 7:28 PM IST

കോഴിക്കോട്: പുസ്‌തകങ്ങളും കളിപ്പാട്ടങ്ങളും കവറിൽ നിറച്ച് പോകുമ്പോൾ അവൾ ചോദിക്കുമായിരുന്നു, ഇതെങ്ങോട്ടാച്ഛാ എന്ന്..? കോഴിക്കോട് നിന്ന് കൊയിലാണ്ടിയിൽ എത്തിയതിനിടയിൽ തന്നെ പല തവണ ഈ ചോദ്യം ഉയർന്നതാണ്. നേരം ഒന്നിനേയും കാത്ത് നിൽക്കില്ലല്ലോ..? അതിനിടയിൽ പത്താം ക്ലാസും കടന്നു പോയി. ഫുൾ എ പ്ലസാണ്. പന്തലായനി ഗവ ഹയർ സെക്കന്‍ഡറി സ്‌കൂളിൽ നിന്ന്. അവിടെ തന്നെ ഇപ്പോൾ പ്ലസ് വണ്ണിന് പഠിക്കുന്ന മിടുക്കി കുട്ടി.

ബേക്കറി പണിയുടെ ഇടവേളകളിൽ അച്ഛനും സ്‌കൂളിൽ വരാറുണ്ട്. എന്ത് പരിപാടി ഉണ്ടെങ്കിലും സഹായത്തിന് മുന്നിലുണ്ടാകും. അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രിയപ്പെട്ട പിതാവ്. അതിനിടെ അദ്ദേഹത്തെ സ്‌കൂളിലേക്ക് കാണാതായതോടെ അധ്യാപകരും രക്ഷിതാക്കളും അന്വേഷിച്ചു.

കാഴ്‌ച പരിമിതി വന്ന് വീട്ടിൽ തന്നെയാണ് അച്ഛൻ. തേടി ചെന്നപ്പോഴാണ് അറിയുന്നത് സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ആ കുടുംബത്തെ കുറിച്ച്. ഇന്നുവരെ ആരെയും ഒന്നും അറിയിക്കാതെ എന്തിനും ഒപ്പമുണ്ടാകുന്ന ആ അച്ഛൻ അപ്പോഴും ചിരിച്ചു. ഹോം നഴ്‌സായി പോകുന്ന അമ്മയ്‌ക്ക് കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ആ കുടുംബത്തിന്‍റെ അത്താണി.

സന്നദ്ധ പ്രവർത്തകർ ചേർന്ന് മറ്റൊരു താത്‌ക്കാലിക ജോലി അവർക്ക് തരപ്പെടുത്തി കൊടുത്തിരുന്നു. എന്നാൽ നട്ടെല്ലിന് സംഭവിച്ച ക്ഷതം കാരണം ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണിപ്പോൾ. പരിഭവങ്ങളും പരാതിയുമില്ലാതെ ജീവിക്കുന്ന ആ കുടുംബത്തിന് വേണ്ടി എന്ത് ചെയ്യാമെന്ന ചിന്തയാണ് പിന്നീടുയർന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സുരക്ഷിതമായി അന്തിയുറങ്ങാന്‍ സ്വന്തമായി ഒരു വീട്. ആ ലക്ഷ്യത്തിന് അധ്യാപക രക്ഷാകർതൃ സമിതി അടിത്തറയിട്ടു. സ്‌കൂൾ പ്രിൻസിപ്പാൾ പിടിഎ പ്രസിഡന്‍റ് എന്നിവർ രക്ഷാധികാരികളായി കമ്മറ്റി രൂപീകരിച്ചു. വീട് നിർമിക്കാൻ മുചുകുന്നിലെ വലിയാട്ടില്‍ ബാലകൃഷ്‌ണൻ സൗജന്യമായി മൂന്നര സെന്‍റ് ഭൂമിയും നല്‍കി. അഞ്ച് ലക്ഷത്തിനടുത്ത് രൂപ സ്‌കൂളിൽ നിന്ന് പിരിഞ്ഞു കിട്ടി.

നാട്ടുകാരും അത് ഏറ്റെടുത്തു. പണമായും നിർമ്മാണ വസ്‌തുക്കളായും പ്രവൃത്തിയായും പല ഭാഗത്ത് നിന്നും സഹായ ഹസ്‌തങ്ങളെത്തി. അഹോരാത്ര പ്രവർത്തനത്തിനൊടുവിൽ ആറ് മാസം കൊണ്ട് 12 ലക്ഷത്തോളം ചെലവിൽ വീടുയർന്നു. 'സ്‌നേഹഭവനം' എന്ന് അതിന് പേരിട്ടു.

രണ്ട് കിടപ്പുമുറികള്‍ അടുക്കള, ശുചിമുറി, കുഴല്‍ കിണര്‍ ഉള്‍പ്പെടെയുള്ള വീടാണ് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. സ്‌നേഹ ഭവനത്തിന്‍റെ താക്കോല്‍ സമര്‍പ്പണം ഡിസംബര്‍ 12ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ റിയാസ് നിര്‍വ്വഹിക്കും. വാടക വീടുകൾ മാറി മാറി നെട്ടോട്ടമോടി തളർന്ന ആ മാതാപിതാക്കളുടെയും പുസ്‌തകങ്ങൾ അടുക്കി വയ്‌ക്കാൻ സ്വന്തമായി ഒരിടം കിട്ടിയ പതിനാറുകാരിയുടേയും നിറഞ്ഞ ചിരി ഇനി നമുക്ക് കാണാം 12ന് 'സ്നേഹ ഭവന'ത്തിൽ വച്ച്.

Also Read
  1. വയനാട് ദുരന്തം; കേന്ദ്രം സഹായിച്ചില്ലെങ്കിലും ദുരന്ത ബാധിതരെ കേരളം ചേര്‍ത്തുപിടിക്കുമെന്ന് മന്ത്രി കെ രാജന്‍
  2. ഷോക്കടിപ്പിച്ച് കറണ്ട് ചാര്‍ജ്; സംസ്ഥാനത്ത് വീണ്ടും നിരക്ക് വര്‍ധന
  3. രൂപം മാറ്റിയിട്ടും പിടിവീണു; ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട വാഹനം കണ്ടെത്തി, വലയിലായത് ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിച്ചതോടെ
  4. റോസാച്ചെടി പൂത്തുലയും; ഇതൊഴിച്ചാല്‍ മതി
  5. ക്രിസ്‌മസിനൊരുക്കാം ഒന്നാന്തരം 'ഇളനീര്‍ വൈന്‍'; വെറും 10 ദിവസം സംഗതി റെഡി

ABOUT THE AUTHOR

...view details