കോട്ടയം:തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരളത്തില്‍. വൈക്കത്തെ തന്തൈ പെരിയാർ സ്‌മാരകത്തിന്‍റെ ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്‌ദി സമാപന ചടങ്ങിനുമായാണ് സ്റ്റാലിന്‍ കേരളത്തിലെത്തിയത്.
ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ സ്റ്റാലിന്‍ കുമരകം ലേക്ക് റിസോർട്ടില്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ കൂടിക്കാഴ്ച്ച നടത്തും. മുല്ലപ്പെരിയാർ പ്രശ്‌നം ചർച്ചയായ സാഹചര്യത്തിൽ ഏറെ പ്രതീക്ഷയോടെയാണ് തമിഴ്‌നാട് മുഖ്യന്ത്രിയുടെ വരവ് കണക്കാക്കപ്പെടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തമിഴ്‌നാട് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള വൈക്കം വലിയ കവലയിലെ നവീകരിച്ച തന്തൈ പെരിയാർ (ഇവി രാമസ്വാമി നായ്ക്കർ) സ്‌മാരകത്തിന്‍റെ ഉദ്ഘാടനവും വൈക്കം സത്യാഗ്രഹ ശതാബ്‌ദി സമാപനവും നാളെ നടക്കും. ചടങ്ങിൽ പിണറായി വിജയനും എം കെ സ്റ്റാലിനും പങ്കെടുക്കും. തമിഴ്‌നാട് മന്ത്രി എവി വേലുവും സ്റ്റാലിന് ഒപ്പമുണ്ട്.
രാവിലെ 10 മണിക്കാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തന്തൈ പെരിയാർ സ്‌മാരകത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുക. തുടർന്ന് വൈക്കം കായലോര ബീച്ച് മൈതാനത്ത് പൊതു സമ്മേളനം നടക്കും. സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും.
ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണി മുഖ്യാതിഥിയാകും. മന്ത്രിമാരായ വിഎൻ വാസവൻ, സജി ചെറിയാൻ, തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകൻ, എ വി വേലു, എംപി സ്വാമിനാഥൻ, അഡ്വ കെ ഫ്രാൻസിസ് ജോർജ് എംപി, സികെ ആശ എംഎൽഎ, വൈക്കം നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.
Also Read:തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; എല്‍ഡിഎഫിന് തിരിച്ചടി, യുഡിഎഫിന് മുന്നേറ്റം