എറണാകുളം:കേന്ദ്രമന്ത്രിസഭയിലെ കേരള പ്രാതിനിധ്യം സ്വാഗതം ചെയ്‌ത് സീറോമലബാർ സഭ. തൃശൂർ മണ്ഡലത്തിൽ സഭയുടെ പിന്തുണ സുരേഷ് ഗോപിക്കാണ് ലഭിച്ചതെന്ന് അഭിപ്രായമുയർന്നിരുന്നു. ഇതിനിടെയാണ് മന്ത്രിസഭയിലെ മലയാളി പ്രാതിനിധ്യത്തെ സ്വാഗതം ചെയ്‌ത് സിറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ പ്രസ്‌താവനയിറക്കിയത്.
'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ ഭാരതത്തിൽ പുതിയ സർക്കാർ അധികാരമേറ്റിരിക്കുകയാണ്. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിൻ്റെ പ്രതിനിധികളായി സുരേഷ് ഗോപിയും ജോർജ് കുര്യനും ഉൾപ്പെടുത്തപ്പെട്ടതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നു. കേരളത്തിന്‍റെ പൊതുതാൽപര്യങ്ങൾ സംരക്ഷിക്കാനും വികസനം ത്വരിതപ്പെടുത്താനും ഇവർക്കു സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
ഭരണഘടനാതത്വങ്ങൾ അടിസ്ഥാനമാക്കിയും മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും രാഷ്ട്രത്തിൻ്റെ ബഹുസ്വരതയും ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും രാഷ്‌ട്രത്തെ കൂടുതൽ വികസനത്തിലേക്കും സാമൂഹിക പുരോഗതിയിലേക്കും നയിക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെ.