സ്നേഹപ്രഭ നീന്തൽ പരിശീലനം (Etv Bharat Reporter) കോഴിക്കോട് : ജീവന്‍റെ വിലയുണ്ട് സ്നേഹപ്രഭയുടെ ഈ കരുതലിന്. ഓരോ വർഷക്കാലത്തും രൗദ്രഭാവം പൂണ്ട് നിരിവധി ജീവനുകളെ ആഴത്തിലേക്ക് വലിച്ചെടുത്ത ചെറുപുഴയിലെ സങ്കടക്കാഴ്‌ചകളാണ് ചാത്തമംഗലത്തെ വെള്ളനൂർ പുൽപ്പറമ്പിലെ സ്നേഹപ്രഭയെ നീന്തൽ പരിശീലകയുടെ റോളിലേക്കെത്തിച്ചത്. 14 വർഷമായി സ്നേഹപ്രഭ നീന്തല്‍ പരിശീലകയാണ്.
ചെറുപ്പം മുതലേ നീന്തൽ വശമുണ്ടായിരുന്നെങ്കിലും സ്നേഹ പ്രഭ എവിടെയും നീന്താനൊന്നും പോകാറില്ലായിരുന്നു. എന്നാൽ, ചെയ്‌തിരുന്ന ടൈലറിങ് ജോലികൾക്കിടയിൽ ഇരു കൈകൾക്കും വേദന വന്നപ്പോൾ നാട്ടിലെ ഒരു ഡോക്‌ടറെ കാണിച്ചു. ഡോക്‌ടർ നിർദേശിച്ചത് നീന്താനായിരുന്നു.
അങ്ങനെ വീടിനടുത്ത ഒരു ചെറിയ കുളത്തിൽ നീന്തി തുടങ്ങി. അതുകണ്ട് കൗതുകം പൂണ്ട് കൂടെക്കൂടിയവർക്ക് നീന്തലിന്‍റെ ബാലപാഠങ്ങൾ പഠിപ്പിച്ചു. ഇന്ന് 'സ്നേഹപ്രഭ അക്കാദമി' എന്ന പേരിൽ നീന്തൽ അക്കാദമി സ്ഥാപിക്കുന്നതിലേക്കും വിവിധ പ്രായത്തിലുള്ള നാലായിരത്തോളം പേരെ നീന്തൽ പഠിപ്പിക്കുന്നതിലേക്കും സ്നേഹപ്രഭ എന്ന ഈ അമ്മയെ എത്തിച്ചു.
രാവിലെ ആറര മുതൽ വൈകിട്ട് ആറു വരെയാണ് നീന്തല്‍ പരിശീലനം. പരിശീലനത്തിന് ധാരാളം പേർ എത്തുന്നുണ്ടെങ്കിലും സ്നേഹപ്രഭയുടെ കണ്ണും കരുതലും എല്ലാവരിലുമുണ്ട്. നീന്തല്‍ പരിശീലിപ്പിക്കുന്നതിൽ പ്രത്യേക വൈഭവമുണ്ട് സ്നേഹപ്രഭയ്ക്ക്.
ഏത് ആഴമേറിയ വെള്ളത്തിലും നീന്തിത്തുടിക്കുന്നതിനും ശ്വാസം പിടിച്ച് മുങ്ങി നിൽക്കുന്നതിനും വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്നതിനും പ്രത്യേകം പരിശീലനങ്ങൾ നൽകുന്നുണ്ട് അക്കാദമിയിൽ. പലരും ഏറെ താത്പര്യത്തോടെയാണ് ഇവിടെയെത്തുന്നത്. നീന്തലിന്‍റെ ബാലപാഠങ്ങൾ പരിശീലിപ്പിക്കുന്ന സ്നേഹപ്രഭ എന്ന പരിശീലകയുടെ കരുതലും മാതൃസ്നേഹത്തോടെയുള്ള പരിശീലനവും എല്ലാവരും പെട്ടെന്ന് തന്നെ നീന്തൽ വശത്താക്കുന്നതിന് കാരണമാണ്.
ഈ മാതൃദിനത്തിലും മാതൃസ്നേഹത്തോടെ ചേർത്ത് നിർത്തിയുള്ള സ്നേഹ പ്രഭ എന്ന ഈ അമ്മയുടെ പരിശീലന മികവിൽ ധാരാളം പേർ വെള്ളത്തെ തോൽപ്പിക്കും.
Also Read : ഓരോ കുഞ്ഞിനൊപ്പവും പിറവിക്കൊള്ളുന്നത് ഒരു അമ്മകൂടെ ; ഇന്ന് ലോകമാതൃ ദിനം - MOTHERS DAY 2024