എറണാകുളം: മുതിർന്ന സാഹിത്യകാരൻ എംകെ സാനുവിന് ഓണക്കോടി സമ്മാനിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊച്ചിയിലെ വസതിയായ സന്ധ്യയിൽ എത്തിയാണ് സുരേഷ് ഗോപി സാനുവിനെ കണ്ടത്. സാഹിത്യകാരനായ സാനുവിനെ പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ പേരിൽ കെട്ടിയിടാൻ സാധിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
ജാതി മത ചിന്തകൾക്ക് അതീതമാണ് അദ്ദേഹം. എല്ലാവരുടെയും സ്വരമായിട്ടാണ് സാനുവിൻ്റെ വാക്കുകളെ കേരളം ശ്രവിക്കുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിൻ്റെ ആളായിട്ടല്ല താൻ അദ്ദേഹത്തെ കാണുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
തൻ്റെ മാതാവ് ജ്ഞാന ലക്ഷ്‌മി അദ്ദേഹത്തിന്‍റെ പ്രിയ ശിഷ്യയായിരുന്നു. അമ്മയുടെ ഗുരുവിനെ കാണുന്നത് ദൈവ തുല്യനായിട്ടാണ്. ഇടയ്ക്കിടെ ഇവിടെ വരുന്നത് അമ്മയുടെ ആഗ്രഹത്തിൻ്റെ പൂർത്തീകരണത്തിനാണെന്നും സുരേഷ് ഗോപി പറഞ്ഞു. സാഹിത്യ, സാംസ്‌കാരിക, സാമൂഹിക കൈരളിയുടെ പൊതു സ്വത്താണ് അദ്ദേഹം. ഒരു രാഷ്ട്രീയ തൊഴുത്തിലും കെട്ടിയിടേണ്ടതല്ല ആ മഹത്വം. അതുകൊണ്ട് തൻ്റെ സന്ദർശനത്തിൻ്റെ ബാക്കി പത്രമായി മാഷിനെ ബിജെപി രാഷ്ട്രീയത്തിൻ്റെ ഭാഗമാക്കണ്ടേന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം സുരേഷ് ഗോപിയെ വളരെ ചെറുപ്പം മുതൽക്കേ തനിക്ക് അറിയാമെന്നും ഒരുമിച്ച് യാത്ര ചെയ്‌തിട്ടുണ്ടെന്നും സുരേഷ് ഗോപി മഹാനടനും മനുഷ്യ സ്നേഹിയുമാണെന്ന് സാനുവും അഭിപ്രായപ്പെട്ടു. എംകെ സാനുവിന്‍റെ നോവൽ 'കുന്തി ദേവി' എന്ന പുസ്‌കം, തൻ്റെ പ്രിയ ശിഷ്യയായ ജ്ഞാന ലക്ഷ്‌മിയെ ഓർമ്മിച്ച് കൊണ്ട് എന്ന വാചകക്കുറിപ്പോടെ സുരേഷ് ഗോപിയുടെ പേരെഴുതി നൽകി. മാഷിൻ്റെ വസതിയിൽ എത്തിയ മന്ത്രിയെ കുടുബാംഗങ്ങൾ സ്വീകരിച്ചു. പേരക്കുട്ടി രോഹൻ്റെ ഒക്ടോബറിൽ നടക്കുന്ന വിവാഹ ക്ഷണക്കത്തും സാനു സുരേഷ് ഗോപിക്ക് നൽകി.
Also Read:സുരേഷ് ഗോപിയുടെ പരാതി; മാധ്യമങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലീസ്