എറണാകുളം: നികുതി വെട്ടിപ്പിനായി വ്യാജ മേൽവിലാസം ഉപയോഗിച്ച് പുതുച്ചേരിയിൽ വാഹന രജിസ്‌ട്രേഷന്‍ നടത്തിയെന്ന കേസില്‍ തൃശൂരിലെ ബിജെപി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിക്ക് കനത്ത തിരിച്ചടി. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ഹര്‍ജി എറണാകുളം എസിജെഎം കോടതി തള്ളി.
മെയ് 28-ന് ഈ കേസിൽ വിചാരണ നടപടികൾ തുടങ്ങാനും കോടതി നിർദേശിച്ചു. പുതുച്ചേരിയില്‍ രണ്ട് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. 30 ലക്ഷം രൂപയുടെ നികുതി നഷ്ട്ടമുണ്ടായെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. സുരേഷ് ഗോപി 2010, 2016 വര്‍ഷങ്ങളില്‍ രണ്ട് ആഡംബര കാറുകള്‍ വ്യാജ വിലാസമുണ്ടാക്കി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തു എന്നായിരുന്നു പരാതി.
വിഷയത്തില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സുരേഷ് ഗോപിക്കെതിരായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. പുതുച്ചേരി ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്‍റില്‍ വാടകയ്ക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് വാഹനങ്ങള്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്‌തതെന്നായിരുന്നു ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. ഈ കേസില്‍ സുരേഷ് ഗോപി നേരത്തെ കോടതിയിൽ ഹാജരായി ജാമ്യം നേടുകയായിരുന്നു.
കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി കോടതിയെ സമീപിച്ചത്. ഹർജി തള്ളിയ കോടതി കേസ് റദ്ദാക്കില്ലെന്ന് വ്യക്തമാക്കി. എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
ALSO READ:തൃശൂർ ഇത്തവണ എടുത്തിരിക്കും; സുരേഷ് ഗോപി