ആര്‍എല്‍വി രാമകൃഷണന് വേദി നൽകുമെന്ന് സുരേഷ് ഗോപി; കുടുംബ ക്ഷേത്രത്തില്‍ പരിപാടിക്കായി ക്ഷണിക്കും തൃശൂര്‍ :നിറത്തിന്‍റെ പേരിൽ നർത്തകൻ ആർ.എൽ.വി. രാമകൃഷണൻ അവഹേളിക്കപ്പെട്ട സംഭവത്തിന് പിന്നാലെ തന്‍റെ കുടുംബ ക്ഷേത്രത്തിൽ രാമകൃഷണനെ ക്ഷണിക്കുമെന്ന് സുരേഷ് ഗോപിയുടെ പ്രഖ്യാപനം. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത് (Suresh Gopi).
പ്രതിഫലം നൽകിത്തന്നെയാണ് ക്ഷണം. സർക്കാരിനെതിരായ വികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും, ഇപ്പോൾ നടക്കുന്ന വിവാദത്തിൽ കക്ഷിചേരാനില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. അതേസമയം തനിക്ക് വേദി നൽകാമെന്നറിയിച്ച സുരേഷ് ഗോപിക്ക് ആർ.എൽ.വി. രാമകൃഷണൻ നന്ദി അറിയിച്ചു. രാമകൃഷണന്‍റെ മൂത്ത സഹോദരൻ കൂടിയായ കലാഭവൻ മണിയും സുരേഷ് ഗോപിയും നിരവധി സിനിമകളിൽ ഒന്നിച്ച് വേഷമിട്ടിട്ടുണ്ട്.
ഒരു പുരുഷ കലാകാരൻ്റെ മോഹിനിയാട്ടം ‘കാക്കയുടെ നിറം’ കാരണം വളരെ മോശമാണെന്നു ആരുടേയും പേരെടുത്തു പരാമർശിക്കാതെ കലാമണ്ഡലം സത്യഭാമ അഭിപ്രായപ്പെട്ടത് വലിയ വിവാദത്തിൽ കലാശിച്ചിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ പരാമർശം (RLV Ramakrishnan).
സത്യഭാമയുടെ വിവാദ പരാമര്‍ശം:"മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരാജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല"- എന്നായിരുന്നു സത്യഭാമയുടെ വിവാദ പ്രസതാവന. ഇതിന് പിന്നാലെ രീതിയിലുള്ള പ്രതിഷേധമാണ് സത്യഭാമയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം ഉയര്‍ന്നത്.
അതേസമയം സംഭവത്തില്‍ വിശദീകരണവുമായി സത്യഭാമ രംഗത്തെത്തി. ആർഎൽവി എന്ന സ്ഥാപനത്തെക്കുറിച്ചാണു പറഞ്ഞതെന്നും വ്യക്തിയെക്കുറിച്ചല്ലെന്നും സത്യഭാമ പറഞ്ഞു. താൻ പറഞ്ഞതിനെ മാധ്യമങ്ങൾ വളച്ചൊടിച്ചതായും സത്യഭാമ ആരോപിച്ചു. ആർഎൽവി രാമകൃഷ്‌ണന് പിന്തുണയുമായി നിരവധിപേർ രംഗത്തെത്തി. സത്യഭാമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്‌ണന്‍ പറഞ്ഞു.
പത്മശ്രീ അവാർഡിന് സഹായം അഭ്യർഥിച്ച് കലാമണ്ഡലം ഗോപി തന്നെ ബന്ധപ്പെട്ടിരുന്നു. 2015 വരെ അവാർഡ് നിർണയത്തിൽ പല അഴിമതിയും നടന്നിട്ടുണ്ട്. അതിനാൽ ഇടപെടാൻ കഴിയില്ലെന്നും സെൽഫ് അഫിഡവിറ്റ് നൽകാനും നിർദേശിച്ചിരുന്നു (RLV Ramakrishnan). രണ്ട് ദിവസം മുമ്പ് തന്നെ എല്ലാവരും വേട്ടയാടി. അതിന്‍റെ സത്യം പുറത്ത് വന്നപ്പോഴാണ് പുതിയ വിവാദം ഉണ്ടാക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അദ്ദേഹം തന്നെ എല്ലാം വെളിപ്പെടുത്തിയതിൽ സന്തോഷമുണ്ട്. കലാമണ്ഡലം ഗോപിയുടെ നിലപാടിനെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ ചില രാഷ്ട്രീയ ബാധ്യതകൾ ഓർത്ത് വീട്ടിലെത്തി കാണില്ല. ഗോപിയാശാന്‍റെയും കുടുംബത്തിന്‍റേയും രാഷ്ട്രീയ ബാധ്യത ഹനിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.