തിരുവനന്തപുരം: കണ്ണൂരില്‍ ആവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ബോംബ് സ്‌ഫോടനങ്ങളുടെ കഥ ഒരു സ്‌ഫോടന പരമ്പര പോലെയാണെന്ന് ജില്ലയ്ക്ക് പുറത്തുള്ളവര്‍ക്ക് അത്രവേഗം മനസിലാകണമെന്നില്ല. എന്നാല്‍ ജില്ലയ്ക്കുള്ളിലുള്ളവര്‍ക്കറിയാം ഇതൊരു തുടര്‍ സ്‌ഫോടന പരമ്പരയാണെന്ന്. എവിടെയും ആരുടെയും ജീവന്‍ എപ്പോള്‍ വേണമെങ്കിലും എടുക്കാവുന്ന പ്രഹരശേഷിയുള്ള ബോംബ് എവിടെയൊക്കെ ഒളിഞ്ഞു കിടക്കുന്നു എന്നാര്‍ക്കുമറിയില്ല.
കഴിഞ്ഞ ദിവസം തലശേരി എരഞ്ഞോളിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കിട്ടിയ സ്റ്റീല്‍ ബോംബ് പാത്രമെന്ന് കരുതി തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി ഇരിക്കൂര്‍ എംഎല്‍എ സണ്ണി ജോസഫ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ കണ്ണൂരിലെ സ്‌ഫോടന പരമ്പരകളുടെ ഞെട്ടിക്കുന്ന യാഥാര്‍ഥ്യത്തിലേക്കും അതിന് സിപിഎമ്മിന്‍റെ ഒത്താശയിലേക്കും വെളിച്ചം വീശുന്നതായിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രിക്ക് നിയമസഭയില്‍ സമ്മതിക്കേണ്ടി വന്നിരിക്കുന്നു എന്ന ആമുഖത്തോടെയാണ് സണ്ണി ജോസഫ് തുടങ്ങിയത്. തലശേരിയിലെ സംഭവം ഒറ്റപ്പെട്ടതല്ല. അവിടെ പറമ്പില്‍ ബോംബ് കൊണ്ടുവച്ചതാണ്. അതിന് ശേഷം പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ ഇതവിടെ കൊണ്ടുവച്ച ആളുകള്‍ പറമ്പ് വളഞ്ഞ് കൂടുതല്‍ ബോംബുകളുണ്ടെങ്കില്‍ അതെല്ലാം അവിടെ നിന്ന് മാറ്റി. തെളിവുകളെല്ലാം നശിപ്പിച്ച ശേഷമാണ് പൊലീസ് അവിടെയത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
രണ്ട് വര്‍ഷം മുമ്പ് ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ ചാവശേരിയില്‍ ആക്രി പെറുക്കി ഉപജീവനം നടത്തുന്ന അസം സ്വദേശികളായ 45 വയസുകാരനും 20 വയസുകാരനായ മകനും ആക്രി പെറുക്കുന്നതിനിടെ ഒരു പാത്രം കിട്ടിയിരുന്നു. തുറക്കാന്‍ ശ്രമിക്കുമ്പോള്‍ പൊട്ടിത്തെറിച്ച് രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മറ്റൊരു സഹോദരന്‍ ഈ രണ്ടു പേരുടെയും മൃത ശരീരവുമായാണ് അസമിലേക്ക് പോയത്.
തില്ലങ്കേരിയില്‍ ഓമന എന്ന തൊഴിലുറപ്പ് തൊഴിലാളി ഡ്രെയിനേജ് വൃത്തിയാക്കുന്നതിനിടെ സ്‌ഫോടനത്തിന് ഇരയായിരുന്നു. തൂമ്പ എന്തോ സാധനത്തില്‍ തട്ടി സ്‌ഫോടനമുണ്ടായി. ദിവസങ്ങളോളം അവര്‍ ഇരിട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവര്‍ക്ക് പിന്നീട് തൊഴിലുറപ്പ് തൊഴിലിന് പോകാന്‍ കഴിയാത്തത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതുമാണ്.
പാനൂരില്‍ തന്നെ അമാവാസി എന്ന ഒരു കുട്ടിക്ക് കളിക്കുന്നതിനിടെ ഒരു പാത്രം കിട്ടിയിരുന്നു. അത് തുറക്കാനായി കുട്ടി തന്‍റെ അമ്മയ്‌ക്ക് കൊടുക്കുകയും അമ്മ ശ്രമിച്ചിട്ട് നടക്കാത്തത് കൊണ്ട് കുട്ടി തന്നെ കുത്തിപ്പൊട്ടിക്കുകയുമായിരുന്നു. കുത്തിപ്പൊട്ടിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായി കണ്ണും കൈയ്യും നഷ്‌ടപ്പെട്ടു. പിന്നീട് നാട്ടുകാര്‍ പിരിവെടുത്താണ് ആ കുട്ടിയെ ചികിത്സിച്ചത്. അമാവാസിയെ പിന്നീട് കവയിത്രി സുഗതകുമാരി പൂര്‍ണ ചന്ദ്രന്‍ എന്ന് പേരിട്ടു വിളിച്ചു.
പാനൂരില്‍ സിപിഎം പ്രവര്‍ത്തകനായ ഒരു സ്‌കൂള്‍ അധ്യാപകന്‍ സ്‌കൂളിന്‍റെ സ്റ്റാഫ് റൂമില്‍ അദ്ദേഹത്തിന്‍റെ ബാഗ് കൊണ്ടുപോയി വച്ചു. ബാഗ് ആരോ തട്ടി താഴെ ഇട്ടു. ബാഗ് താഴെ വീണതോടെ ബോംബ് പൊട്ടി. ചാവശേരിയില്‍ ശ്രീധരന്‍ എന്നയാള്‍ തന്‍റെ വീടിനടുത്ത് ബോംബ് പൊട്ടുന്ന ശബ്‌ദം കേട്ട് എന്താണെന്നറിയാനുള്ള ആകാംക്ഷയില്‍ അങ്ങോട്ടോടിച്ചെന്നപ്പോള്‍ വീണ്ടും ബോംബേറുണ്ടായി. സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്‍റെ കാല്‍ നഷ്‌ടപ്പെട്ടു.
പെരിങ്ങത്തൂര്‍ പാലത്തിനടിയില്‍ ബോംബ് സൂക്ഷിച്ചിരുന്നു. അത് ബോംബാണെന്നറിയാതെ ഒരു ഇതര സംസ്ഥാനത്തെ കുട്ടിയെടുത്തു കളിക്കുമ്പോള്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്ക് പറ്റി. ഇരിട്ടിയില്‍ പട്ടാളക്കാരനായി നിയമനം ലഭിച്ച് പോകാനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി വീട്ടുപറമ്പില്‍ സൂക്ഷിച്ചിരുന്ന ബോംബ് എടുത്ത് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരു ബിജെപി പ്രവര്‍ത്തകന് കണ്ണും കാലും പട്ടാളത്തിലെ ജോലിയും നഷ്‌ടപ്പെട്ടു.