കേരളം

kerala

ETV Bharat / state

താളം തെറ്റി ഏലം പരിപാലനം; വേനല്‍ ചൂടിന് കാഠിന്യമേറിയതോടെ കാര്‍ഷിക മേഖല പ്രതിസന്ധിയില്‍ - Cardamom cultivation in crisis

ശക്തമായ വേനല്‍ ചൂടില്‍ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങി, മുപ്പത് ശതമാനത്തോളം തണലും തണുപ്പും ആവശ്യമായ ഏലച്ചെടികളുടെ പരിപാലനം താളം തെറ്റി.

CARDAMOM CULTIVATION IN CRISIS  SUMMER HEATS UP  AGRICULTURE SECTOR IN CRISIS  IDUKKI WEATHER
CARDAMOM CULTIVATION IN CRISIS

By ETV Bharat Kerala Team

Published : Mar 31, 2024, 7:09 PM IST

താളം തെറ്റി ഏലം പരിപാലനം

ഇടുക്കി: വേനല്‍ കടുത്തതോടെ ഇടുക്കിയിലെ ഏലം പരിപാലനം താളം തെറ്റി. ജല ലഭ്യത കുറവ് മൂലം ഏലത്തിന് നനവ് എത്തിക്കാനും കഴിയുന്നില്ല. ഇതോടൊപ്പം ശക്തമായ വേനല്‍ ചൂടില്‍ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങാന്‍കൂടി തുടങ്ങിയതോടെ ചെറുകിട കര്‍ഷകര്‍ വന്‍ തുക മുടക്കി പച്ച നെറ്റുകള്‍ വാങ്ങി വലിച്ചുകെട്ടി തണല്‍ തീര്‍ക്കുകയാണ്.

വേനല്‍ കടുത്തതോടെ കാര്‍ഷികമേഖല ആകെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത് ഇതില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി ഏറ്റുവാങ്ങുന്നത് ഏലം മേഖലയാണ്. ഏലച്ചെടികള്‍ക്ക് മുപ്പത് ശതമാനത്തോളം തണലും തണുപ്പും എപ്പോളും ആവശ്യമാണ്. എന്നാല്‍ വേനല്‍ ചൂടിന്‍റെ കാഠിന്യമേറി നീരുറവകളടക്കം വറ്റി വരണ്ട് ജല ലഭ്യത ഇല്ലാതായതോടെ ഏലച്ചെടികളുടെ പരിപാനവും പ്രതിസന്ധിയിലായി.

ചെടികള്‍ കരിഞ്ഞുണങ്ങി തുടങ്ങിയതോടെ കര്‍ഷകര്‍ പച്ച നെറ്റുകള്‍ വാങ്ങി കൃഷിയിടത്തില്‍ വലിച്ചുകെട്ടി തണല്‍ തീര്‍ക്കുകയാണ്. ഇതിനാകട്ടെ വന്‍ തുകയാണ് മുടക്കേണ്ടി വരുന്നത്. നിലവില്‍ എലക്കയ്ക്ക് വില ഉയര്‍ന്ന് തുടങ്ങിയതോടെ വരും വര്‍ഷത്തിലെങ്കിലും മികച്ച വിളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ കടം വാങ്ങിയും വന്‍തുക മുടക്കിയും പച്ചനെറ്റ് വലിച്ചുകെട്ടി വേനല്‍ ചൂടിനെ പ്രതിരോധിക്കുന്നത്.

നനവ് എത്തിക്കാൻ കഴിയാത്തതിനാല്‍ വളപ്രയോഗവും പരിപാലനവും നിലച്ചു. ഇതോടെ പലവിധ രോഗങ്ങളും ഏലച്ചെടികള്‍ക്ക് വ്യാപകമാകുന്നുണ്ട്. കടുത്ത പ്രതിസന്ധി നേരിടുമ്പോളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏലം കൃഷിയെ നിലനിര്‍ത്തുന്നതിന് വേണ്ട ഒരുവിധ സഹായവും നല്‍കുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്.

ALSO READ:സംസ്ഥാനത്ത് വേനൽ കടുത്തു ; ദുരിതത്തിലായി തോട്ടം തൊഴിലാളികളും

ABOUT THE AUTHOR

...view details