കോഴിക്കോട് വിദ്യാർഥിനിയെ ബസ് ഇടിച്ചു (ETV Bharat) കോഴിക്കോട് : സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാർഥിനിയെ സ്വകാര്യ ബസ് ഇടിച്ചു. പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് ചെറുവണ്ണൂരില്‍ നടന്ന സംഭവത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ഈ മാസം ഏഴിന് വൈകിട്ട് ചെറുവണ്ണൂര്‍ സ്‌കൂളിന് മുന്നിലെ സീബ്ര ലൈനില്‍ വച്ചാണ് സംഭവം നടന്നത്. ബസ് ഇറങ്ങി വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുകയായിരുന്ന കൊളത്തറ സ്വദേശി ഫാത്തിമയെ അമിത വേഗത്തില്‍ വന്ന ബസ് ഇടിച്ചിടുകയായിരുന്നു. കോഴിക്കോട് നിന്ന് കാളികാവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഫാത്തിമ ബസിനടിയിലേക്ക് വീണു. സംഭവ സ്ഥലത്തുണ്ടായിരുന്നവർ നടുങ്ങിനില്‍ക്കവേ, ഫാത്തിമ ബസിനടിയില്‍ നിന്ന് സ്വയം എഴുന്നേറ്റുവരികയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീര വേദന ഉണ്ടായിരുന്നെങ്കിലും ഗുരുതരമായ പരിക്കുകളില്ല.
പക്ഷേ ബസ് ഉടമയോ ജീവനക്കാരോ തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബത്തിന് പരാതി ഉണ്ട്. അമിത വേഗതയില്‍ വന്ന ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് ഫാത്തിമയുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്നും ഡ്രൈവറോടും ബസ് ഉടമയോടും ഇന്ന് ഹാജരാകാൻ പറഞ്ഞിട്ടുണ്ടെന്നും എംവിഡി ഡി ശരത് പ്രതികരിച്ചു. ഡ്രൈവറുടെ ലൈസൻസും ബസിന്‍റെ പെർമിറ്റും സസ്പെൻഡ് ചെയ്യുന്നത് ഉള്‍പ്പെടെ ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം