തിരുവനന്തപുരം :ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാനും നടപടികൾ സ്വീകരിക്കാനും ജില്ലാ വരണാധികാരികൾക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർദേശം നൽകി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം ഐഎംഎ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ബാങ്കുകളിലെയും സംശയകരമായ ഇടപാടുകൾ ഉൾപ്പെടെ നിരീക്ഷിക്കും. ആദായ നികുതി വകുപ്പ് ഇതിനായി പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും ജില്ലാ അതിർത്തികളിലും കർശന പരിശോധന ആവശ്യമാണ്. ചെക്ക് പോസ്റ്റുകളിൽ സിസിടിവി നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്നും സഞ്‌ജയ് കൗള്‍ പറഞ്ഞു.
വിവിധ എൻഫോഴ്സ്മെൻ്റ് ഏജൻസികളുടെ സംസ്ഥാന നോഡൽ ഓഫീസർമാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികൾ യോഗത്തിൽ വിശദീകരിച്ചു. പരാതിരഹിതമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു. വോട്ടെടുപ്പിൽ മുതിർന്ന പൗരമാർക്ക് പ്രധാന പരിഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. കുട്ടികളെ ഒരു കാരണവശാലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കരുത്. ചാനലുകളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ നടത്തുന്ന തെരഞ്ഞെടുപ്പ് സംവാദ പരിപാടികൾക്ക് നിർബന്ധമായും മുൻകൂർ അനുമതി വാങ്ങണം. ചില സ്ഥലങ്ങളിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് ഇത്.